: രണ്ട് അട്ടിമറികളിലൂടെ ഫുട്‌ബോൾ ലോകത്ത് സ്വന്തമായൊരു സ്ഥാനമുണ്ടാക്കാൻ എഫ്.സി. ഷെരീഫ് ടിറാസ്‌പോളിന് കഴിഞ്ഞു. എന്നാൽ കളിക്കളത്തിന് പുറത്ത് ഷെരീഫിന്റെ നാടിന് സ്വന്തമായൊരു മേൽവിലാസമില്ല.

ഭൂപടത്തിൽ നീസ്റ്റെർ നദിക്കും മോൾഡോവ-യുക്രൈൻ അതിർക്കുമിടയിലുള്ള ട്രാൻസ്‌നിസ്ട്രിയയിൽനിന്നാണ് എഫ്.സി. ഷെരീഫിന്റെ വരവ്. സ്വയംഭരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകരാജ്യങ്ങൾ ട്രാൻസ്‌നിസ്ട്രിയയെ അംഗീകരിച്ചിട്ടില്ല. മോൾഡോവയുടെ ഭാഗമായാണ് ഇപ്പോഴും കണക്കാക്കുന്നത്. ഷെരീഫ് കളിക്കുന്നത് മോൾഡോവ ലീഗിലും. സ്വന്തമായി സേനയും കറൻസിയും ഭരണകൂടവുമുള്ള ട്രാൻസ്‌നിസ്ട്രിയയുടെ തലസ്ഥാനമായ ടിറാസ്‌പോളാണ് ക്ലബ്ബിന്റേയും ആസ്ഥാനം.

ട്രാൻസ്‌നിസ്ട്രിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് ഗ്രൂപ്പായ ഷെരീഫ് 1997-ലാണ് ക്ലബ്ബിനെ ഏറ്റെടുക്കുന്നത്. അതുവരെ ടിറാസ് ടിറാസ്‌പോയ് എന്നറിയപ്പെട്ട ക്ലബ്ബ് അതിനുശേഷം എഫ്.സി. ഷെരീഫ് ടിറാസ്‌പോൾ എന്നറിയപ്പെട്ടുതുടങ്ങി.

1997-ൽ ഷെരീഫ് ഗ്രൂപ്പ് പുതിയ ക്ലബ്ബിന് തുടക്കമിടുമ്പോൾ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ അലമാരയിൽ 27 ലീഗ് കിരീടങ്ങളും ആറ്്‌ യൂറോപ്യൻ കിരീടങ്ങളും 17 കിങ്‌സ് കിരീടങ്ങളുമുണ്ട്. ആ റയലിനെയാണ് കഴിഞ്ഞദിവസം ഷെരീഫ് എന്ന ഇത്തിരിക്കുഞ്ഞൻമാർ വീഴ്ത്തിയത്. ഗ്രൂപ്പിലെ ആദ്യകളിയിൽ യുക്രൈൻ ക്ലബ്ബ് ഷാക്തർ ഡൊണെറ്റ്‌സ്‌കിനെ വീഴ്ത്തിയതിന് പിന്നാലെ രണ്ടാമത്തെ അട്ടിമറി.

മോൾഡോവൻ ദേശീയലീഗിൽ 19 കിരീടങ്ങളുണ്ട് ക്ലബ്ബിന്. പത്തുതവണ മോൾഡോവൻ കപ്പും ഏഴുതവണ സൂപ്പർ കപ്പും നേടി.

2020-ൽ ചുമതലയേറ്റ യുക്രൈൻ പരിശീലകൻ യൂറി വെർണിഡുംബിന്റെ കീഴിൽ 38 മത്സരം കളിച്ച ടീം 30- ലും ജയിച്ചു. ഏഴ് സമനിലയും നേടി. ഒരേയൊരു തോൽവി മാത്രം. കൊളംബിയൻ താരം ഫ്രാങ്ക് കാസ്റ്റനെഡയാണ് ടീം നായകൻ. രണ്ട് ജയത്തോടെ ടീമിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്.