റയൽ മഡ്രിഡ്, മാഞ്ചെസ്റ്റർ സിറ്റി ടീമുകൾ തോറ്റു

പാരീസ്: പി.എസ്.ജി. ടീമിനുവേണ്ടി സൂപ്പർതാരം ലയണൽ മെസ്സിയുടെ ആദ്യഗോൾ, റയൽ മഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി, ലിവർപൂളിന്റെ ഗോൾമഴ... ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ സംഭവബഹുലം.

സിറ്റി തകർത്ത് പി.എസ്.ജി.

എട്ടാം മിനിറ്റിൽ ഇദ്രിസ്സ ഗുയെയയുടെ ഗോൾ, 74-ാം മിനിറ്റിൽ ഫുട്‌ബോൾ ലോകം കാത്തിരുന്ന ഗോളോടെ സാക്ഷാൽ മെസ്സി. ഈ രണ്ട് ഗോളുകൾക്ക് മറുപടി നൽകാൻ പെപ്പ് ഗാർഡിയോളയുടെ മാഞ്ചെസ്റ്റർ സിറ്റിക്ക് കഴിഞ്ഞില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ പി.എസ്.ജി. സ്വന്തം ഗ്രൗണ്ടിൽ 2-0 ത്തിന് സിറ്റിയെ കീഴടക്കി. മാർക്കോ വെറാറ്റി നൽകിയ പന്തുമായി കയറിയ മെസ്സി അത് കൈലിയൻ എംബാപ്പെയ്ക്ക് നൽകുന്നു. ബാക്ക് ഹീൽ പാസ്സിലൂടെ എംബാപ്പെ അത് മെസ്സിക്ക് തിരിച്ചു നൽകുന്നു. മനോഹരമായ ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസ്സി സിറ്റി ഗോളി എഡേഴ്‌സനെ കാഴ്ചക്കാരനാക്കി വലകുലുക്കി. ഫ്രഞ്ച് ക്ലബ്ബിനായി നാലാം കളിയിലാണ് അർജന്റീന താരത്തിന്റെ ഗോൾ. മെസ്സി- എംബാപ്പെ- നെയ്മർ ത്രയത്തെയാണ് പി.എസ്.ജി. മുന്നേറ്റത്തിൽ ഇറക്കിയത്. സിറ്റി എഴ് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും പി.എസ്.ജി. ഗോളി ജിയാൻലുജി ഡൊണെറുമ്മയെ കീഴക്കാനായില്ല. ഇതേ ഗ്രൂപ്പിൽ ക്ലബ്ബ് ബ്രഗ റെഡ്ബുൾ ലെയ്പ്‌സിഗിനെ അട്ടിമറിച്ചു (2-1). ഹൻസ് വനാകെൻ (22), മാറ്റ്‌സ് റിറ്റ്‌സ് (41) എന്നിവർ ലെയ്പ്സിഗിനായും ക്രിസ്റ്റഫർ എൻകോങ്കു (5) ലെയ്പ്‌സിഗിനായും സ്കോർ ചെയ്തു. പി.എസ്.ജി. (4), ക്ലബ്ബ് ബ്രഗ (4), സിറ്റി (3) എന്നിങ്ങനെയാണ് പോയന്റ് നില.

റയൽ വീണു

മാൾഡോവ ക്ലബ്ബ് ഷെരീഫ് ടിറാസ്‌പോളിന്റെ അട്ടിമറിയിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് ഞെട്ടി. ഗ്രൂപ്പ് ഡിയിൽ 2-1 നാണ് ഷെരീഫ് ജയിച്ചത്. യാസുറെബെക് യാഖ്ഷിബോയേവ് (25), സെബാസ്റ്റ്യൻ തിൽ (89) എന്നിവർ ഷെരീഫിനായി ഗോൾ നേടി. കരീം ബെൻസമ (പെനാൽട്ടി 65) റയലിന്റെ ഗോൾ നേടി. ആദ്യകളിയിൽ ഷെരീഫ് ഷാക്തർ ഡൊണെറ്റ്‌സ്‌കിനെ തോൽപ്പിച്ചിരുന്നു. മറ്റൊരു കളിയിൽ ഷാക്തർ ഇന്റർമിലാനെ സമനിലയിൽ തളച്ചു (0-0).

ലിവർപൂളിന്റെ ഗോൾമഴ

പോർച്ചുഗൽ ക്ലബ്ബ് പോർട്ടോയുടെ ഹോം ഗ്രൗണ്ടിൽ 5-1 നാണ് ലിവർപൂൾ ജയിച്ചു കയറിയത്. മുഹമ്മദ് സലയും (18, 60) റോബർട്ടോ ഫിർമിനോയും (77, 81) പോർട്ടോയ്ക്കെതിരേ ഇരട്ടഗോൾ നേടി. സാദിയോ മാനെയും(45) സ്കോർ ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ, പത്തുപേരായി ചുരുങ്ങിയ എ.സി. മിലാനെ അത്‌ലറ്റിക്കോ മഡ്രിഡ് തോൽപ്പിച്ചു (2-1). റാഫേൽ ലിയാവോയുടെ ഗോളിൽ (20) മിലാൻ ലീഡെടുത്തു. എന്നാൽ അന്റോയിൻ ഗ്രീസ്മാൻ (84), ലൂയി സുവാരസ് (പെനാൽട്ടി, 90+7) എന്നിവരുടെ ഗോളുകളിൽ മഡ്രിഡ് ജയം നേടി. 29-ാം മിനിറ്റിൽ മിലാന്റെ ഫ്രാങ്ക് കെസിയെ ചുവപ്പുകാർഡ് കണ്ട് പുറത്തായിരുന്നു. ലീഗിലെ മറ്റൊരു കളിയിൽ ബൊറൂസ്സിയ ഡോർട്മുൺഡ് സ്പോർട്ടിങ് ലിസ്ബണിനെ തോൽപ്പിച്ചു (1-0). ഡൊണിയേൽ മലെൻ (37) വിജയഗോൾ നേടി.