ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ വമ്പൻമാരായ ബാഴ്‌സലോണ, മാഞ്ചെസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി. ടീമുകൾക്ക് ജയം.
ആവേശപ്പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിനെ കീഴടക്കി ബാഴ്‌സ കരുത്തുകാട്ടി (2-0). എതിരാളിയുടെ തട്ടകത്തിലാണ് സ്പാനിഷ് ക്ലബ്ബിന്റെ ജയം. ഓസ്മാനെ ഡെംബലെ (14), ലയണൽ മെസ്സി (പെനാൽട്ടി 90+1) എന്നിവർ ഗോൾ നേടി. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് ബാധകാരണം കളിക്കാനിറങ്ങിയില്ല.
ജർമൻ ടീം റെഡ്ബുൾ ലെയ്പ്‌സിഗിനെ തകർത്ത് (5-0) മാഞ്ചെസ്റ്റർ യുണൈറ്റഡ് തുടർച്ചയായ രണ്ടാംജയം നേടി. മർക്കസ് റാഷ്‌ഫോഡ് ഹാട്രിക് (74, 78, 90+2) നേടി. മാസൺ ഗ്രീൻവുഡ്, ആന്റണി മാർഷ്യൽ (പെനാൽട്ടി 87) എന്നിവരും സ്കോർ ചെയ്തു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ഇസ്താംബുൾ ടീമായ ബസാക്‌സെഹിറിനെ തോൽപ്പിച്ചു (2-0). മോയ്‌സെ കീൻ ഇരട്ടഗോൾ (64 ,79) നേടി. ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി റഷ്യൻ ക്ലബ്ബ് ക്രാസ്‌നോദറിനെ കീഴടക്കി (4-0). കലും ഹഡ്‌സൻ ഒഡോയ് (37), തിമോ വെർണർ (പെനാൽട്ടി 76), ഹക്കിം സിയെച്ച് (79), ക്രിസ്റ്റ്യൻ പുലിസിച്ച് (90) എന്നിവർ ഗോൾ നേടി.
ജർമൻ ക്ലബ്ബ് ബൊറൂസ്സിയ ഡോർട്മുൺഡ് റഷ്യൻ ക്ലബ്ബ് സെനീത് സെയ്‌ന്റ് പീറ്റേഴ്‌സ്ബർഗിനെ തോൽപ്പിച്ചു (2-0). ജാഡൻ സാഞ്ചോ (പെനാൽട്ടി 78), എർലിങ് ഹാളണ്ട് (90+1) എന്നിവർ ഗോൾ നേടി. സെവിയ റെന്നസിനെ തോൽപ്പിച്ചു (1-0). ക്ലബ്ബ് ബ്രഗ്ഗ- ലാസിയോ (1-1), ഫെറാങ്ക് വാറോസ് -ഡൈനാമോ കീവ് (2-2) കളികൾ സമനിലയിലായി.