ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിൽ ചെൽസിയെ തളച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ് (1-1). യുണൈറ്റഡിനായി ജേഡൻ സാഞ്ചോ (50) സ്കോർ ചെയ്തപ്പോൾ ചെൽസിയുടെ മറുപടി ഗോൾ പെനാൽട്ടി കിക്കിൽനിന്ന് ജോർജീന്യോ (69) നേടി.

ലീഗിൽ യുണൈറ്റഡിനായി സാഞ്ചോയുടെ ആദ്യഗോളാണിത്. ബ്രൂണോ ഫെർണാണ്ടസ് സ്വന്തം ഹാഫിൽനിന്ന് ഉയർത്തിവിട്ട പന്ത് ക്ലിയർ ചെയ്യുന്നതിൽ ജോർജീന്യോ വരുത്തിയ പിഴവിൽനിന്നാണ് സാഞ്ചോയുടെ ഗോൾ. പന്ത് പിടിച്ചെടുത്ത യുണൈറ്റഡ് യുവതാരം സ്കോർ ചെയ്തു. തിയാഗോ സിൽവയെ ആരോൺ വാൻ ബിസാക്ക ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടികിക്കാണ് ജോർജീന്യോ യുണൈറ്റഡ് വലയിലെത്തിച്ചത്.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. കളിയിൽ ആധിപത്യം പുലർത്തിയ ചെൽസി 24 ഷോട്ടുകളുതിർത്തു. ഇതിൽ ആറെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. യുണൈറ്റഡ് രണ്ട് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. ലീഗിൽ 13 കളികളിലായി 30 പോയന്റായ ചെൽസി ഒന്നാം സ്ഥാനത്തുണ്ട്. മാഞ്ചെസ്റ്റർ സിറ്റി (29), ലിവർപൂൾ (28) ടീമുകൾ തൊട്ടടുത്തുണ്ട്. യുണൈറ്റഡ് (18) എട്ടാം സ്ഥാനത്താണ്.