മഡ്രിഡ്: കളി തീരാൻ മൂന്നുമിനിറ്റ് മാത്രം ബാക്കിനിൽക്കെ, ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിൽ വിനീഷ്യസ് വലകുലുക്കിയതോടെ റയൽ മഡ്രിഡിന് ജയം. സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ കരുത്തരായ സെവിയയെ 2-1 നാണ് റയൽ തോൽപ്പിച്ചത്. റയലിനായി കരീം ബെൻസമ (32) ആദ്യഗോൾ നേടി. 87-ാം മിനിറ്റിൽ വിനീഷ്യസും സ്കോർ ചെയ്തു. സെവിയയുടെ ഗോൾ 12-ാം മിനിറ്റിൽ റാഫ മിർ നേടി. ജയത്തോടെ 14 കളിയിൽ 33 പോയന്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 29 പോയന്റുമായി അത്‌ലറ്റിക്കോ മഡ്രിഡാണ് രണ്ടാമത്. 23 പോയന്റുള്ള ബാഴ്‌സലോണ ഏഴാം സ്ഥാനത്ത്. മറ്റൊരു കളിയിൽ അത്‌ലറ്റിക്കോ മഡ്രിഡ് കാഡിസിനെ തോൽപ്പിച്ചു (4-1). തോമസ് ലെമർ (56), അന്റോയിൻ ഗ്രീസ്മാൻ (70), എയ്ഞ്ചൽ കൊറേയ (76), മാത്യൂസ് കുൻഹ (86) എന്നിവർ അത്‌ലറ്റിക്കോയ്ക്കായി ഗോൾ നേടി. ആന്റണി ലോസാനോ (86) കാഡിസിന്റെ ഗോൾ നേടി.