ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. യിൽ തുടരുമെന്ന സൂചനയാണ് നെയ്മർ നൽകുന്നത്. ക്ലബ്ബുമായി കരാർ പുതുക്കുന്ന കാര്യത്തിൽ ഏറക്കുറെ ധാരണയായെന്നാണ് വിവരം. ഈ ടീമിൽ സന്തുഷ്ടനാണെന്ന് ബ്രസീൽ മുന്നേറ്റനിരതാരം വ്യക്തമാക്കുകയും ചെയ്തു. 2017-ൽ റെക്കോഡ് തുകയ്ക്കാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽനിന്ന് നെയ്മർ ഫ്രഞ്ച് ക്ലബ്ബിലെത്തിയത്.

തുറന്നുപറയാതെ മെസ്സി

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ തുടരുമോയെന്നതിൽ സൂപ്പർ താരം ലയണൽ മെസ്സി മനസ്സുതുറന്നിട്ടില്ല. പരിശീലകൻ റൊണാൾഡ് കോമാനും ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ല. കരാർ അടക്കമുള്ള കാര്യങ്ങൾ സീസണിനുശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് മെസ്സി.

മെസ്സിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ശ്രമിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സയ്ക്ക് വൻതുക മുടക്കി മെസ്സിയെ നിലനിർത്തുന്നത് പ്രയാസകരമാകും. എന്നാൽ ലാലിഗ കിരീടം നേടിയാൽ ക്ലബ്ബിൽ തുടരുന്ന കാര്യം മെസ്സി പരിഗണിക്കാനിടയുണ്ട്.

അർധമനസ്സോടെ റോണോ

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ കരാർ കാലാവധി ഇനിയുമുണ്ടെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരുമോയെന്ന് ഉറപ്പില്ല. ഇറ്റാലിയൻ സീരി എയിൽ തപ്പിത്തടയുന്ന യുവന്റസ് ചാമ്പ്യൻ ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ പോർച്ചുഗൽ താരം ക്ലബ്ബ് വിട്ടേക്കും. പഴയ ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ്, ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. എന്നിവയാണ് ക്രിസ്റ്റ്യാനോയുടെ പരിഗണനയിലുള്ളത്.