കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങൾ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് നിലവിലെ ചാമ്പ്യൻമാരായ മണിപ്പുർ മേഘാലയയെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ ഡാമൻ ആൻഡ് ഡിയു ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പുതുച്ചേരിയെ തോൽപ്പിച്ചു.

കളിയുടെ 47-ാം മിനിറ്റിൽ ആസേം റോജ ദേവിയാണ് മണിപ്പുരിനായി ആദ്യ ഗോൾ നേടിയത്. 48-ാം മിനിറ്റിൽ മൊയ്റാങ്കിതം മന്താഗിനി ദേവി, 54-ാം മിനിറ്റിൽ യാങ്കോം കിരൺബാല ചാനു, 81-ാം മിനിറ്റിൽ തിങ്ക്ബയ്ജാം ബേബിസന ദേവി എന്നിവരും ഗോൾ നേടി. മത്സരത്തിന്റെ തുടക്കംമുതൽ മണിപ്പുരിന്റെ സർവാധിപത്യമാണ് കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് തുടർച്ചയായി രണ്ട് ഗോളുകൾ മണിപ്പുർ നേടിയത്. രണ്ടാം പകുതിയിലും അവർ രണ്ട് ഗോളുകൾ നേടിയതോടെ മേഘാലയ ചെറുത്തിനിൽപ്പില്ലാതെ കീഴടങ്ങി.

ഡാമൻ ആൻഡ് ഡിയുവിന് വേണ്ടി 17-ാം മിനിറ്റിൽ ദിക്ഷ ബാൻസോഡാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയ പുതുച്ചേരി എതിരാളികൾക്ക് ആധികാരിക ജയം സമ്മാനിച്ചു.

രാവിലെ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നെങ്കിലും പിന്നീട് മത്സരം അവസാനിക്കുന്നതുവരെ കാലാവസ്ഥ അനുകൂലമായിരുന്നു. ടീം അംഗങ്ങൾ ബയോബബ്ൾ സംവിധാനത്തിലാണെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ച് ഫുട്‌ബോൾ ആരാധകർക്ക് മത്സരങ്ങൾ കാണാനുള്ള അവസരം സംഘാടകർ ഒരുക്കിയിരുന്നു.

ഗ്രൂപ്പ് ‘എ’യിൽ മണിപ്പുർ, ഡാമൻ ആൻഡ് ഡിയു, പുതുച്ചേരി, മേഘാലയ, ഗ്രൂപ്പ് ‘സി’യിൽ ഹിമാചൽപ്രദേശ്, അസം, രാജസ്ഥാൻ, ബിഹാർ എന്നിങ്ങനെ എട്ട് ടീമുകളുമാണ് ഇവിടെ മത്സരിക്കുന്നത്. ഡിസംബർ അഞ്ചുവരെ 12 ലീഗ് റൗണ്ട് മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനലുമാണ് കൂത്തുപറമ്പിൽ നടക്കുക. തിങ്കളാഴ്ച രാവിലെ 9.30-ന് ഹിമാചൽപ്രദേശും ബിഹാറും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് രാജസ്ഥാനും അസമും മത്സരിക്കും. 30, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 9.30-നും ഉച്ചയ്ക്ക് 2.30-നുമായി ലീഗ് റൗണ്ട് മത്സരങ്ങൾ നടക്കും. ഒരുദിവസത്തെ വിശ്രമത്തിനുശേഷം അഞ്ചിനാണ് ക്വാർട്ടർ ഫൈനൽ.