കോഴിക്കോട്: അവസാന മിനിറ്റിൽ ഗോൾ വഴങ്ങിയ കേരളത്തിന് ദേശീയ വനിതാ ഫുട്‌ബോളിൽ തോൽവിയോടെ തുടക്കം. ആവേശകരമായ കളിയിൽ മിസോറം രണ്ടിനെതിരേ മൂന്നു ഗോളിന്‌ ആതിഥേയരെ വീഴ്ത്തി. തോൽവി ക്വാർട്ടറിലേക്ക് മുന്നേറാനുള്ള കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി. മിസോറമിനായി ഗ്രേസ് ലാൽറാം പെരി (പെനാൽട്ടി 39), എലിസബത്ത് വാൻലാൽമാവി (79), ലാലുംസിയാമി(90+3) എന്നിവർ ഗോൾ നേടി. കേരളത്തിനായി അതുല്യ (44), ഫെമിനാ രാജ് (45) എന്നിവർ ലക്ഷ്യം കണ്ടു.

പെനാൾട്ടി കിക്കിലൂടെ മിസോറമാണ് ലീഡെടുത്തത്. ലാൽനുൻ സുനായിയെ കേരളം ഫൗൾ ചെയ്തതിന് ലഭിച്ച പെനാൾട്ടി കിക്ക് ഗ്രേസ് ലാൽറാംപെരി മിസോറമിന് ലീഡ് നൽകി. നേരത്തേ 18-ാം മിനിറ്റിൽ കിട്ടിയ പെനാൾട്ടി മിസോറമിന്റെ എലിസബത്ത് വാൻലാൽമാവി തുലച്ചിരുന്നു.

പ്രതിരോധനിര താരം അതുല്യയിലൂടെ കേരളം സമനിലപിടിച്ചു. അതുല്യയുടെ ലോങ്ങ്‌റേഞ്ച് മിസോറം വലയിൽ കയറി. തൊട്ടടുത്ത മിനിറ്റിൽ ഫെമിനാരാജും കേരളത്തിനായി ഗോൾ കണ്ടെത്തി. പെനാൾട്ടി ബോക്സിന് പുറത്തുനിന്നും ഫെമിനയുതിർത്ത ഷോട്ടാണ് ഗോളിൽ കലാശിച്ചത്.

ഇടവേളയ്ക്കുശേഷം എലിസബത്ത് വാൻലാൽമാവിയും ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ ലാലുംസിയാമിയും സ്കോർ ചെയ്തതോടെ മിസോറം ജയമുറപ്പിച്ചു. ഗ്രൂപ്പ് ജി യിലെ ആദ്യകളിയിൽ മധ്യപ്രദേശ് ഉത്തരാഖണ്ഡിനെ കീഴടക്കി (4-1). ചൊവ്വാഴ്ച ഉത്തരാഖണ്ഡുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒഡിഷ ആന്ധ്രാപ്രദേശിനെ (9-0) തകർത്തു. രണ്ടാമത്തെ കളിയിൽ ഹരിയാണ ഗുജറാത്തിനെ തോൽപ്പിച്ചു (4-0)

മണിപ്പുരിന് ജയം

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പുർ മേഘാലയയെ പരാജയപ്പെടുത്തി (4-0). ആസേം റോജ ദേവി, മൊയ്റാങ്കിതം മന്താഗിനി ദേവി, യാങ്കോം കിരൺബാല ചാനു, തിങ്ക്ബയ്ജാം ബേബിസന ദേവി എന്നിവർ ഗോൾ നേടി. രണ്ടാം കളിയിൽ ദാമൻ ആൻഡ് ദിയു ഏകപക്ഷീയമായ രണ്ടുഗോളിന്‌ പുതുച്ചേരിയെ പരാജയപ്പെടുത്തി.

ഛത്തീസ്ഗഢ് മുന്നോട്ട്

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഢിന് തകർപ്പൻ ജയം. എതിരില്ലാത്ത 9 ഗോളിനാണ് ദാദ്ര ആൻഡ് നാഗർഹവേലിയെ തകർത്തത്. ഹാട്രിക് നേടിയ ഛത്തീസ്‌ഗഢിന്റെ കിരൺ പിസ്ഡയാണ് കളിയിലെ താരം.