ലണ്ടൻ: ഫുട്‌ബോൾ ഇതിഹാസം മാറഡോണ 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ധരിച്ച ജേഴ്‌സി സ്വന്തമാക്കാൻ അവസരം. പക്ഷേ, 14.80 കോടിയോളം രൂപ നൽകേണ്ടിവരും.
മെക്‌സിക്കോയിൽനടന്ന ഈ മത്സരത്തിലാണ് ദൈവത്തിന്റെ കൈ ഗോളും ഇതിനുശേഷം നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോളും വന്നത്.
കായികസ്മരണികകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അമേരിക്കയിലെ വിദഗ്ധനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു ദശലക്ഷം ഡോളർ (ഏതാണ്ട് 14.80 കോടിയോളം രൂപ) നൽകിയാൽ നിലവിലെ ജേഴ്‌സി ഉടമ കൈമാറുമെന്നാണ് വിദഗ്ധൻ വെളിപ്പെടുത്തിയത്.
മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ ഉടമസ്ഥതയിലാണ് ജേഴ്‌സിയുള്ളത്. അന്നത്തെ മത്സരത്തിനുശേഷം ടണലിലൂടെ നടക്കുമ്പോഴാണ് മാറഡോണയുമായി ജേഴ്‌സി കൈമാറിക്കിട്ടിയതെന്ന് സ്റ്റീവ് വ്യക്തമാക്കിയിരുന്നു. ജേഴ്‌സി നിലവിൽ മാഞ്ചെസ്റ്ററിലെ ഇംഗ്ലണ്ട് ദേശീയ മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.