ടോക്യോ: ഒളിമ്പിക്സിലെ ട്രാക്ക് ഉണരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.30-ന് വനിതകളുടെ 100 മീറ്റർ പ്രാഥമിക റൗണ്ട് മത്സരത്തോടെ ട്രാക്കിലെ മത്സരങ്ങൾക്ക് തുടക്കമാകും. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 6.20-ന് വനിതകളുടെ 100 മീറ്റർ ഫൈനൽ. പുരുഷന്മാരുടെ 100 മീറ്റർ പ്രാഥമികറൗണ്ട് മത്സരങ്ങൾ ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങും. ഞായറാഴ്ച വൈകീട്ട് 6.20-ന് പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ പൂർത്തിയാകുന്നതോടെ ഈ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ താരത്തെ അറിയാം.

പുരുഷവിഭാഗത്തിൽ കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും 100, 200 മീറ്ററുകളിൽ വിജയിയായ ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ട് ഇക്കുറി മത്സരത്തിനില്ല. അമേരിക്കയുടെ വെറ്ററൻ താരം ജസ്റ്റിൻ ഗാറ്റ്‌ലിനും ഇല്ല. അതുകൊണ്ടുതന്നെ പുരുഷവിഭാഗത്തിൽ 12 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ലോകം പുതിയൊരു ജേതാവിനെ കാത്തിരിക്കുന്നു.

അമേരിക്കയുടെ 25-കാരനായ സ്‌പ്രിന്റർ ട്രെവൺ ബ്രോമൽ ആണ് സമീപകാലത്ത് 100 മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് അമേരിക്കയിൽനടന്ന മീറ്റിൽ 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഈയിനത്തിൽ ലോകത്തെ ഏറ്റവും മികച്ച ഏഴാമത്തെ സമയംകൂടിയാണിത്.

ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിൻ 9.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാംസ്ഥാനത്തുണ്ട്. 9.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈവർഷത്തെ മികച്ച മൂന്നാമത്തെ സമയംകുറിച്ച് അമേരിക്കയുടെ മാർവിൻ ബ്രേസി ടോക്യോയിൽ മത്സരിക്കുന്നില്ല.

അമേരിക്കൻ താരങ്ങളായ റോണി ബേക്കർ (9.85 സെക്കൻഡ്), ഫ്രെഡ് കെർലി (9.86 സെക്കൻഡ്) തുടങ്ങിയവരും ടോക്യോയിൽ കനത്ത മത്സരമുയർത്തും. ഈവർഷത്തെ മികച്ച സമയം 9.99 സെക്കൻഡ് ആണെങ്കിലും കാനഡയുടെ ആന്ദ്രെ ജി ഗ്രസ്സെയും മെഡൽസാധ്യതയിലുണ്ട്.

വനിതകളിൽ ജമൈക്കയുടെ വെറ്ററൻ താരം ഷെല്ലി ആൻ ഫ്രേസർ പ്രൈസ് തന്നെയാണ് ഈവർഷത്തെ പ്രകടനങ്ങളിൽ മുന്നിലുള്ളത്. 35-കാരിയായ ജമൈക്കൻ സ്‌പ്രിന്റർ ജൂൺ അഞ്ചിന് കിങ്സ്റ്റണിൽ കുറിച്ച 10.63 സെക്കൻഡാണ് വനിതകളുടെ 100 മീറ്ററിൽ ഈ വർഷത്തെ മികച്ച സമയം. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ 100 മീറ്റർ സ്വർണം നേടിയ ആൻ ഫ്രേസർ ലണ്ടനിൽ 200 മീറ്ററിൽ വെള്ളിയും റിയോയിൽ 100 മീറ്ററിൽ വെള്ളിയും നേടി. ഇക്കുറി മെഡൽ നേടിയാൽ സ്‌പ്രിന്റ് ഇനത്തിൽ നാല് ഒളിമ്പിക്സിൽ മെഡൽ എന്ന അപൂർവനേട്ടത്തിനുടമയാകും.

അതേസമയം, നിലവിലെ ഒളിമ്പിക് ജേതാവായ ജമൈക്കയുടെതന്നെ എലൈൻ തോംസൺ ജൂലായ് ആറിന് 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷെല്ലിക്ക് കനത്ത വെല്ലുവിളിയുമായി കൂടെയുണ്ട്. ഈ ഒളിമ്പിക്സിന്റെ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയുടെ യുവതാരം ഷകാരി റിച്ചാർഡ്‌സൺ 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്തിട്ടുണ്ടെങ്കിലും ഉത്തേജകക്കേസിൽ കുടുങ്ങി അവർക്ക് അവസാനനിമിഷം ഒളിമ്പിക്സിൽനിന്ന് പിന്മാറേണ്ടിവന്നു. ജമൈക്കയുടെ ഷെറീക്ക ജാക്‌സൺ ആണ് ഈവർഷത്തെ പ്രകടനങ്ങളിൽ (10.77 സെക്കൻഡ്) നാലാംസ്ഥാനത്തുള്ളത്. ഐവറി കോസ്റ്റിന്റെ മരീ ജോസീ ടാവൗ (10.86 സെക്കൻഡ്) അഞ്ചാം സ്ഥാനത്തുണ്ട്. ജമൈക്കയുടെ നടാഷ മോറിസൺ (10.87 സെക്കൻഡ്) തൊട്ടടുത്തുണ്ട്.

ഈവർഷത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ ആറിലെ നാലുപേരും ജമൈക്കയിൽനിന്നാണ്.

പുരുഷന്മാരുടെ 100 മീറ്റർ

നിലവിലെ ജേതാവ്

ഉസൈൻ ബോൾട്ട് 9.81 സെക്കൻഡ്

ഈവർഷത്തെ മികച്ച സമയം

ട്രൈവോൺ ബ്രോമൽ (അമേരിക്ക) 9.77 സെക്കൻഡ്

ആന്ദ്രെ ഡി ഗ്രാസ്സ് (കാനഡ)

9.99 സെക്കൻഡ്

വനിതകളുടെ 100 മീറ്റർ

നിലവിലെ ജേതാവ്

എലൈൻ തോംസൺ (ജമൈക്ക)-10.71 സെക്കൻഡ്

ഈവർഷത്തെ മികച്ച സമയം

ഷെല്ലി ആൻ ഫ്രേസർ പ്രെയ്‌സ്

10.63 സെക്കൻഡ്