ദുബായ്: നേരത്തേ അഞ്ചുവട്ടം വഴുതിപ്പോയ ഹാട്രിക് ആറാം ശ്രമത്തിൽ കൈയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസ് ബൗളർ ഹർഷൽ പട്ടേൽ. ഐ.പി.എൽ. ക്രിക്കറ്റിൽ

ഞായറാഴ്ച മുംബൈ ഇന്ത്യൻസിന്റെ ഹാർദിക് പാണ്ഡ്യ (3), കീറൺ പൊള്ളാർഡ് (7), രാഹുൽ ചഹാർ (0) എന്നിവരെയാണ് 16-ാം ഓവറിലെ ആദ്യ മൂന്നു പന്തുകളിൽ ഹർഷൽ പുറത്താക്കിയത്. നിലവിലെ ചാമ്പ്യന്മാരെ ബാംഗ്ലൂർ 54 റൺസിന് തോൽപ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 165 റൺസിലെത്തിയപ്പോൾ മുംബൈയുടെ തിരിച്ചടി 111 റൺസിൽ ഒതുങ്ങി.

ഹാട്രിക്കോടെ ഏഴ് ഇന്നിങ്‌സിൽ 17 വിക്കറ്റുമായി ഈ ഐ.പി.എലിലെ ഏറ്റവും ശ്രദ്ധേയനായി മാറി ഗുജറാത്തിലെ സാനന്ദ് സ്വദേശിയായ ഹർഷൽ. സീസണിലെ വിക്കറ്റ് നേട്ടത്തിൽ ഒന്നാമനാണ്. ഐ.പി.എലിൽ നേരത്തേ അഞ്ചുവട്ടം അടുത്തടുത്ത പന്തുകളിൽ വിക്കറ്റ് നേടിയെങ്കിലും ഹാട്രിക്കിലേക്ക് എത്താനായില്ല.