പാരീസ്: ചാമ്പ്യൻസ് ലീഗിലെ ഹെവിവെയ്റ്റ് പോരാട്ടത്തിൽ ചൊവ്വാഴ്ച രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെ നേരിടും. പി.എസ്.ജി.യുടെ ഗ്രൗണ്ടിലാണ് മത്സരം.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബെൽജിയൻ ടീമായ ക്ലബ്ബ് ബ്രുഗ്ഗെയോട് (1-1) അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്ന പി.എസ്.ജി. തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നീ ലോകോത്തര താരങ്ങളെ അണിനിരത്തി ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പി.എസ്.ജി. സ്വന്തം ഗ്രൗണ്ടിൽ എല്ലാ മികവും പുറത്തെടുക്കുമെന്ന് ഉറപ്പ്. പരിക്കിലായിരുന്ന മെസ്സി ചൊവ്വാഴ്ച തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജർമൻ ടീമായ റെഡ്ബുൾ ലെയ്പ്‌സിഗിനെ ആദ്യ മത്സരത്തിൽ 6-3 തോൽപ്പിച്ചാണ് മാഞ്ചെസ്റ്റർ സിറ്റി എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ രാത്രി 12.30-ന് ലെയ്പ്‌സിഗ് ക്ലബ്ബ് ബ്രുഗ്ഗെയെ നേരിടും.

ഗ്രൂപ്പ് ബിയിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂൾ രാത്രി 12.30-ന് പോർച്ചുഗൽ ടീം പോർട്ടോയെ നേരിടും. പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ ആദ്യ മത്സരത്തിൽ എ.സി. മിലാനെ 3-1 ന് തോൽപ്പിച്ചിരുന്നു.

ഗ്രൂപ്പ് ഡിയിൽ, സ്പാനിഷ് ടീം റയൽ മഡ്രിഡ് രാത്രി 12. 30-ന് മാൾഡോവൻ ക്ലബ്ബായ ഷെരിഫിനെ നേരിടും.

ഗ്രൂപ്പ് ബിയിലെ കരുത്തരുടെ പോരാട്ടത്തിൽ സ്പാനിഷ് ടീം അത്‌ലറ്റിക്കോ മഡ്രിഡ് രാത്രി 12-30 ന് ഇറ്റാലിയൻ ടീമായ എ.സി. മിലാനെ നേരിടും.

രാത്രി 10.15-ന് അയാക്സ് ബെസിറ്റാക്സിനെയും ഇന്റർ മിലാൻ ഷാക്തർ ഡൊണെറ്റ്‌സ്കിനെയും എതിരിടും.