ബാംബൊലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച വീണ്ടും കളത്തിൽ. സീസണിലെ മൂന്നാം മത്സരത്തിൽ ബെംഗളൂരു എഫ്.സി.യാണ് എതിരാളി. മത്സരം വൈകീട്ട് 7.30 മുതൽ ബംബോലിമിലെ ജി.എം.സി. സ്റ്റേഡിയത്തിൽ.

സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെ. മോഹൻ ബഗാനോട് 4-2 ന് തോൽക്കുകയും രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനിലയാവുകയും ചെയ്ത ബ്ലാസ്റ്റേഴ്‌സിന് ഒരു മത്സരം ജയിച്ചാലേ മുന്നോട്ടുപോക്ക് സുഗമമാകൂ. ആദ്യ മത്സരത്തിൽ പ്രതിരോധപ്പിഴവ് വില്ലനായപ്പോൾ രണ്ടാം മത്സരത്തിൽ മുന്നേറ്റനിര നല്ല അവസരങ്ങൾ തുലച്ചു. ബ്ലാസ്റ്റേഴ്‌സിനെതിരേ ഇതുവരെ എട്ടുതവണ കളിച്ചപ്പോൾ അഞ്ചുവട്ടവും ജയം ബെംഗളൂരു ടീമിനൊപ്പമായിരുന്നു.