കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഞായറാഴ്ച പന്തുരുളുമ്പോൾ പ്രതീക്ഷയോടെ കേരളം കളത്തിൽ. ആദ്യമത്സരത്തിൽ മിസോറമാണ് ആതിഥേയരുടെ എതിരാളി. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം.

സ്വന്തം കാണികളുടെ മുന്നിൽ ആദ്യകിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പ്രതിരോധത്തിന്റെയും മധ്യനിരയുടെയും കരുത്താണ് പ്രതീക്ഷ പകരുന്നത്. മഞ്ജു ബേബി, ഫെമിനാ രാജ്, അതുല്യ, അഞ്ജിത എന്നിവർ അണിനിരക്കുന്ന പ്രതിരോധം ഭേദിക്കാൻ എതിരാളികൾ പണിപ്പെടും. ക്യാപ്റ്റൻ നിഖിലയുടെ നേതൃത്വത്തിലുള്ള മധ്യനിരയും കരുത്ത് തെളിയിച്ചതാണ്. വേദ, കൃഷ്ണപ്രിയ, മാനസ എന്നിവരും മിഡ്ഫീൽഡിൽ നിഖിലയ്ക്ക് പിന്തുണ നൽകും.

മുന്നേറ്റനിരയിൽ യുവതാരങ്ങൾക്കാണ് പ്രാമുഖ്യം. നിധിയയാണ് ആക്രമണനിരയിലെ പരിചയസമ്പത്തുള്ള താരം. ദേശീയ വനിതാ ലീഗിൽ ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്.സി.യിലെ ഏഴ് താരങ്ങളുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാൽ, കോവിഡിനെത്തുടർന്ന് കളികൾ നടക്കാത്തത് കളിക്കാരുടെ ശാരീരിക ക്ഷമതയെ എത്രമാത്രം ബാധിച്ചിട്ടുണ്ടാവുമെന്ന ആശങ്കയുണ്ട്.

ടീം 4-4-2 ശൈലിയിലാവും കളിക്കുകയെന്ന് കോച്ച് അമൃതാ അരവിന്ദ് പറഞ്ഞു. എതിർ ടീമിന്റെ കളിക്കനുസരിച്ച് തന്ത്രങ്ങളിൽ മാറ്റംവരുത്തും. മിസോറമിനെതിരേ ടീമിന് മുൻതൂക്കമുണ്ടെന്നുതന്നെയാണ് കോച്ചിന്റെ വിലയിരുത്തൽ. മധ്യപ്രദേശും ഉത്തരാഖണ്ഡുമാണ് കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റുടീമുകൾ.

മിസോറമിനെതിരേ കേരളം പൊരുതേണ്ടിവരുമെന്നുതന്നെയാണ് വിലയിരുത്തൽ. വനിതാഫുട്ബോളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള ആധിപത്യം കണക്കിലെടുക്കുമ്പേൾ മിസോറമിനെ വില കുറച്ചുകാണാനാവില്ല. ഇന്ത്യൻതാരം ഗ്രേസ് ലാൽറാംപരി ഉൾപ്പെടെയുള്ള നിരയുമായാണ് മിസോറം എത്തിയിട്ടുള്ളത്.

കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആദ്യകളിയിൽ കാലത്ത് ഒമ്പതരയ്ക്ക്‌ മധ്യപ്രദേശ് ഉത്തരാഖണ്ഡിനെ നേരിടും. മെഡിക്കൽ കോളേജ് മൈതാനത്ത് കാലത്ത് ഒമ്പതിന് ഒഡിഷ-ആന്ധ്ര മത്സരവും രണ്ടരയ്ക്ക് ഹരിയാണ-ഗുജറാത്ത് മത്സരവും നടക്കും.

എട്ട് ഗ്രൂപ്പുകൾ, 32 ടീമുകൾ, 55 മത്സരങ്ങൾ

ഇരുപത്തിയാറാമത് ദേശീയ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ കേരളത്തിലെ നാല് വേദികളിലാണ് നടക്കുന്നത്. കണ്ണൂർ കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ട്, കലിക്കറ്റ് സർവകലാശാല ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ടൂർണമെന്റ് ഉദ്ഘാടനം 28-ന് രാവിലെ 9-ന് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

ഡിസംബർ 9-ന് ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് ഫൈനൽ. ഡിസംബർ ഏഴിന് ഇതേ വേദിയിലാണ് സെമിഫൈനലുകളും. ക്വാർട്ടർ ഫൈനലുകൾ ഡിസംബർ അഞ്ചിന് നാല് വേദികളിലുമായി നടക്കും.

ഗ്രൂപ്പ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 32 ടീമുകൾ എട്ട്‌ ഗ്രൂപ്പുകളിലായി മത്സരിക്കും. ആകെ 55 മത്സരങ്ങൾ.

ഗ്രൂപ്പ് ജിയിൽ മിസോറം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ ടീമുകൾക്കൊപ്പമുള്ള കേരളം 30-ന് ഉത്തരാഖണ്ഡിനെയും ഡിസംബർ രണ്ടിന് മധ്യപ്രദേശിനെയും നേരിടും.

നിലവിലെ ജേതാക്കളായ മണിപ്പുർ ഗ്രൂപ്പ് എയിലും റണ്ണേഴ്‌സപ്പായ ഒഡിഷ ഗ്രൂപ്പ് എഫിലുമാണ്.