കാൺപുർ: കഴുത്തുവേദന കാരണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ശനിയാഴ്ച കളിക്കാനിറങ്ങിയില്ല. ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലാത്ത എസ്. ഭരത് പകരക്കാരനായി ഇറങ്ങി. കിട്ടിയ അവസരം ഭരത് നന്നായി ഉപയോഗിക്കുകയും ചെയ്തു.

151 റൺസ് നീണ്ട ന്യൂസീലൻഡ് ഓപ്പണിങ് അവസാനിച്ചത് ഭരതിന്റെ കൈകൊണ്ടാണ്. അശ്വിന്റെ പന്തിൽ വിൽ യങ്ങിനെ ഭരത് ക്യാച്ചെടുത്തു. മറ്റൊരു ഓപ്പണർ ടോം ലാഥം 95 റൺസിൽ നിൽക്കേ സ്റ്റമ്പിങ്ങിൽ മടങ്ങി. നാലാം നമ്പർ ബാറ്റ്‌സ്മാനായ റോയ് ടെയ്‌ലറെ അക്സറിന്റെ പന്തിൽ ഭരത് ക്യാച്ചെടുത്തു. മൂന്നും വിലപ്പെട്ട വിക്കറ്റുകൾ.

28-കാരനായ ഭരത് 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നേരത്തേ, സാഹയുടെ പിൻഗാമിയായി സെലക്ടർമാർ പരിഗണിച്ചെങ്കിലും ഋഷഭ് പന്ത് ആ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ ഋഷഭിന് വിശ്രമം നൽകുകയും സാഹ പരിക്കിലാവുകയും ചെയ്തതോടെയാണ് കളിക്കാൻ അവസരം കിട്ടിയത്.