ട്യൂണിസ്: 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ട്-അർജന്റീന മത്സരം നിയന്ത്രിച്ച ടുണീസിയൻ റഫറി അലി ബിൻ നാസർ ഡീഗോ മാറഡോണയുടെ വിശ്വപ്രസിദ്ധ ഗോളുകളെ ഓർക്കുന്നു. വിവാദമായ ദൈവത്തിന്റെ കൈ ഗോൾ അനുവദിക്കുകയല്ലാതെ തനിക്ക് മറ്റു മാർഗങ്ങളില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നാലു മിനിറ്റിനുശേഷം മാറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളിൽ അദ്ദേഹത്തെ സഹായിക്കാനായതിൽ അഭിമാനമുണ്ടെന്നും നാസർ പറയുന്നു.
രണ്ടാം ഗോളിനായി മാറഡോണ മിഡ്ഫീൽഡിൽനിന്ന് തുടങ്ങി. അദ്ദേഹത്തെപ്പോലൊരാളുടെ കളിയിൽനിന്ന് നമുക്ക് കണ്ണെടുക്കാൻ കഴിയില്ല. ഞാൻ പിന്നാലെ പാഞ്ഞു. ഇംഗ്ലീഷ് താരങ്ങളെ ഒന്നടങ്കം ഡീഗോ ഡ്രിബ്ൾ ചെയ്ത് തോൽപ്പിച്ചുകൊണ്ടിരുന്നു. അവരിലാരെങ്കിലും ഡീഗോയെ ഫൗൾ ചെയ്തു വീഴ്ത്തുമെന്നാണ് കരുതിയത്. ബോക്സിൽവെച്ചാണെങ്കിൽ പെനാൽട്ടി വിളിക്കാൻ ഞാൻ റെഡിയായിരുന്നു. എന്നാൽ, മറ്റൊരു ഡിഫൻഡറെയും ഗോൾ കീപ്പറെയും മറികടന്ന് ഡീഗോ ഗോൾ നേടുന്നത് ഞാൻ അദ്ഭുതത്തോടെ കണ്ടു. ഡീഗോയുടെ ഈ നേട്ടത്തിൽ ഭാഗഭാക്കായതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തെ ഇംഗ്ലീഷുകാർ തടയാൻ ശ്രമിച്ചപ്പോൾ എപ്പോഴെങ്കിലും ഞാൻ വിസിൽ അടിച്ചിരുന്നെങ്കിൽ ആ വിസ്മയഗോൾ സംഭവിക്കുമായിരുന്നില്ല -നാസർ പറഞ്ഞു.
ആദ്യഗോളിലെ ദൈവത്തിന്റെ കൈ താൻ കണ്ടില്ലെന്ന് നാസർ പറഞ്ഞു.