183

മൂന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാഗ്യനമ്പറാണ് 183. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോനി, വിരാട് കോലി എന്നിവരുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മാത്രമല്ല, 183 റൺസ് അടിച്ചശേഷം ഒന്നോ രണ്ടോ വർഷങ്ങളിൽ മൂവരും ഇന്ത്യയുടെ ക്യാപ്റ്റൻമാരുമായി. 1999 ലോകകപ്പിൽ ശ്രീലങ്കക്കെതിരേയായിരുന്നു ഗാംഗുലിയുടെ നേട്ടം. അടുത്തവർഷം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ദാദയെ തേടിയെത്തി. 2005-ൽ ശ്രീലങ്കയ്ക്കെതിരേ തന്നെയായിരുന്നു ധോനിയുടെ ബാറ്റിൽനിന്ന് 183 റൺസ് പിറന്നത്. രണ്ടു വർഷത്തിനുശേഷം ധോനി ഇന്ത്യയുടെ ക്യാപ്റ്റനായി. 2012 ഏഷ്യാകപ്പിൽ പാകിസ്താൻ ബൗളർമാരെ അടിച്ചുപറത്തിയാണ് കോലി തന്റെ ഏകദിനത്തിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തിയത്. രണ്ടുവർഷത്തിനു ശേഷം 2014-ൽ കോലി ഇന്ത്യൻ ടെസ്റ്റ്ക്യാപ്റ്റനുമായി.

45

ഒരു സ്റ്റേഡിയത്തിൽ നടന്ന ആദ്യടെസ്റ്റിനും നൂറാം ടെസ്റ്റിനുമുണ്ടൊരു പ്രത്യേക. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമായിരുന്നു ടീമുകൾ. ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് മത്സരം. വർഷം 1877. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു കളി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആദ്യ ഇന്നിങ്‌സിൽ 245 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 196 റൺസിനും പുറത്തായി. എന്നാൽ രണ്ടാംഇന്നിങ്‌സിൽ ഇംഗ്ലണ്ട് താരങ്ങൾ ഓസീസ് ബാറ്റ്‌സ്മാൻമാരെ വരിഞ്ഞുമുറുക്കി. 104 റൺസിന് പുറത്ത്. 154 എന്ന വിജയലക്ഷ്യവുമായി രണ്ടാംഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 108 റൺസിന് പുറത്ത്. ഓസീസിന് 45 റൺസ് വിജയം.

അതേ സ്റ്റേഡിയത്തിൽ 100 വർഷത്തിനുശേഷം ഇതേ ടീമുകൾ ഏറ്റുമുട്ടി. ആദ്യംബാറ്റ് ചെയ്ത ഓസീസിന് ആദ്യ ഇന്നിങ്‌സിൽ 138 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടും തകർന്നു. 95 റൺസിന് എല്ലാവരും പുറത്ത്. എന്നാൽ രണ്ടാംഇന്നിങ്‌സിൽ ഓസീസ് വളരെ കരുതലോടെ ബാറ്റ് ചെയ്തു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 419 റൺസിന് ഓസീസ് ഡിക്ലയർ ചെയ്തു. 462 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 417 റൺസിന് പുറത്തായി. ഓസീസിന്റെ ജയം 45 റൺസിന്.

153

ഏകദിനത്തിൽ ഇന്ത്യയുടെ മൂന്ന് വലിയ വിജയങ്ങൾ 153 റൺസിനാണ്. അതുമാത്രമല്ല, ഈ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇരട്ടസെഞ്ചുറിയും കുറിച്ചു. ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറിയെന്ന നേട്ടം സച്ചിൻ തെണ്ടുൽക്കറുടെ പേരിലാണ്. ഗ്വാളിയോറിൽ 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു സച്ചിന്റെ നേട്ടം. 200 റൺസാണ് സച്ചിൻ നേടിയത്. അന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് 153 റൺസിന്. സച്ചിൻ ഇരട്ടസെഞ്ചുറി നേടി 18 മാസങ്ങൾക്ക് ശേഷമായിരുന്നു വീരേന്ദർ സെവാഗിന്റെ തേരോട്ടം. ഇൻഡോറിൽ വിൻഡീസിനെതിരേ സെവാഗ് നേടിയത് 219 റൺസ്. ആ ഏകദിനവും ഇന്ത്യ ജയിച്ചത് 153 റൺസിന്. അന്ന് ഇന്ത്യ അടിച്ചെടുത്തത് 418 റൺസാണ്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗതസ്കോർ ഇപ്പോൾ രോഹിത് ശർമയുടെ പേരിലാണ്. 2014-ൽ ഈഡൻഗാർഡൻസിൽ ശ്രീലങ്കൻ ബൗളർമാരെ പ്രഹരിച്ച് രോഹിത് നേടിയത് 264 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 404 റൺസ്. ഒടുവിൽ ശ്രീലങ്ക 251 റൺസിന് എല്ലാവരും പുറത്താകുമ്പോൾ ഇന്ത്യയുടെ വിജയം 153 റൺസിന്.