: മകന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ റെയിൽവേസിലെ ജോലിയിൽനിന്ന് അവധിയെടുത്ത് കോച്ചിന്റെ കുപ്പായമണിഞ്ഞ അച്ഛന്റെ കീഴിൽ തീവ്രപരിശീലനം... എന്തിനും ഏതിനും എപ്പോഴും കൂടെയുള്ള അമ്മയുടെ സ്നേഹവും കരുതലും... ഒളിമ്പിക്സ് എന്ന സ്വപ്നം ചാടിപ്പിടിക്കാൻ ശ്രീശങ്കർ ശ്രമംതുടരുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കായികകേരളം. ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് മാറ്റിയെങ്കിലും ടോക്യോയിലേക്കുള്ള ‘പ്രവേശനപരീക്ഷ’ ജയിക്കാൻ ‘പഠനം’ തുടരുന്ന മലയാളി ലോങ്ജമ്പർ ശ്രീശങ്കർ ‘മാതൃഭൂമി’യുമായി ഒളിമ്പിക്സ് സ്വപ്നങ്ങൾ പങ്കിടുന്നു.

രണ്ടു സെന്റീമീറ്ററിന്റെ സ്വപ്നം

ടോക്യോ ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോഴും ഞാൻ. മുൻ കായികതാരങ്ങളായ അച്ഛൻ എസ്. മുരളിയും അമ്മ ബിജിമോളും തരുന്ന പിന്തുണയാണ് എന്റെ കരുത്ത്. റെയിൽവേസിൽനിന്ന് അവധിയെടുത്താണ് അച്ഛൻ ഇപ്പോൾ മുഴുവൻസമയ കോച്ചായിവന്നത്. ഭുവനേശ്വറിൽനടന്ന ദേശീയ ഓപ്പൺ മീറ്റിൽ റെക്കോഡോടെ 8.20 മീറ്റർ ചാടിയതാണ് കരിയറിലെ മികച്ച പ്രകടനം. 8.22 മീറ്ററാണ് ഒളിമ്പിക്സ് യോഗ്യതാമാർക്ക്. രണ്ടു സെന്റിമീറ്റർ മാത്രം അകലെയാണ് എന്റെ സ്വപ്നം.

അച്ഛൻ കോച്ചാകുമ്പോൾ

വ്യക്തമായ പദ്ധതികളുമായാണ് അച്ഛന്റെ കീഴിൽ ഒളിമ്പിക്സ് പരിശീലനം നടന്നിരുന്നത്. പട്യാലയിൽ നടത്താനിരുന്ന ഇന്ത്യൻ ഗ്രാൻപ്രീയിലൂടെ യോഗ്യത സ്വന്തമാക്കാമെന്നായിരുന്നു പ്രതീക്ഷ. ശരിയായ പാതയിൽ തന്നെയായിരുന്നു ഞങ്ങളുടെ യാത്ര. ജമ്പിങ്ങിലെ ടെക്‌നിക്കുകളും റണ്ണപ്പിലെ സ്പീഡും ഒക്കെ കൃത്യമായ സീസണായിരുന്നു ഇത്. ഒളിമ്പിക്സിലേക്ക് യോഗ്യതകിട്ടിയാൽ ടോപ് സിക്സിൽവരെ എത്താമായിരുന്ന ജമ്പിങ് മികവിലേക്ക് ഞാൻ എത്തിയതായിരുന്നു. പരിശീലനസമയത്ത് മിക്ക ജമ്പുകളും 8.20 മീറ്ററിനുമുകളിൽ എത്തി.

ആസൂത്രണത്തോടെ മുന്നോട്ട്

രാവിലെ ഏഴുമണിക്ക് ഉണരും. ഏഴരമുതൽ എട്ടരവരെ വീട്ടിലും ഗ്രൗണ്ടിലുമായി വ്യായാമം. ഡയറ്റീഷ്യന്റെ നിർദേശമനുസരിച്ച് കാർബോ ഹൈഡ്രേറ്റും പ്രോട്ടീനും മിനറൽസുമൊക്കെ കൃത്യമായ അനുപാതത്തിലുള്ള ഭക്ഷണം. ഉച്ചഭക്ഷണത്തിൽ മീൻ വിഭവങ്ങളായിരിക്കും കൂടുതൽ. ഇതിനിടയിൽ പഞ്ചസാരചേർക്കാത്ത ജ്യൂസുകളും ധാരാളം കളിക്കും. വൈകുന്നേരം നാലുമണിക്കൂറോളം ഗ്രൗണ്ടിൽ പരിശീലനം.

യൂറോപ്പിലെ മീറ്റുകൾ

കഴിഞ്ഞവർഷം യൂറോപ്പിൽനടന്ന ചില മീറ്റുകളിൽ നന്നായി ചെയ്യാനായി. ഡെൻമാർക്കിലും പോളണ്ടിലും സ്വർണവും ഫ്രാൻസിൽ വെള്ളിയും നേടി. പിന്നീട് കസാഖ്‌സ്താനിലും കിർഗിസ്താനിലും നടന്ന മീറ്റുകളിലും സ്വർണം നേടി. ദോഹയിൽനടന്ന ലോകചാമ്പ്യൻഷിപ്പിൽ 7.62 മീറ്റർ മാത്രമേ ചാടാനായുള്ളൂ. ടെക്‌നിക്കിലും ട്രെയിനിങ്ങിലും വന്ന പിഴവാണ് ദോഹയിൽ വിനയായത്. അതിനുശേഷം യൂറോപ്യൻ മീറ്റുകളിൽ എട്ടുമീറ്ററിനടുത്ത് ചാടിയതോടെ ആത്മവിശ്വാസം കൂടി.

ലോക്‌ ഡൗണും പരിശീലനവും

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്‌ ഡൗൺ പ്രഖ്യാപിച്ചത് പരിശീലനത്തെ ബാധിക്കുന്നുണ്ട്. ഒളിമ്പിക്സ് പരിശീലനത്തിന്റെ ഭാഗമായി പാലക്കാട്ടെ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ലോകനിലവാരത്തിലുള്ള ട്രെയിനിങ് സൗകര്യം ഞങ്ങൾ ഒരുക്കി. ഇനി അതെല്ലാം വീട്ടിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ലോക്‌ ഡൗൺ മൂലം എല്ലാവരും വീട്ടിലിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് വീട്ടിൽ പരിശീലനം തുടരാമെന്ന് വിചാരിക്കുന്നു.