മ്യൂണിക്‌: സഹക്ലബ്ബുകളെ സാമ്പത്തികമായി സഹായിക്കാനൊരുങ്ങി ബുണ്ടസ് ലിഗയിലെ വമ്പൻ ക്ലബ്ബുകൾ.

ബയേൺ മ്യൂണിക്‌, ബൊറൂസ്സിയ ഡോർട്മുൺഡ്, ബയേർ ലേവർക്യൂസൻ, റെഡ്ബുൾ ലെയ്പ്‌സിഗ് ക്ലബ്ബുകളാണ് ഒന്നും രണ്ടും ഡിവിഷനിലെ മറ്റ് ക്ലബ്ബുകളെ സഹായിക്കാൻ 165 കോടി രൂപ സ്വരൂപിക്കുന്നത്.

ടെലിവിഷൻ വരുമാനത്തിൽനിന്ന് അടക്കമുള്ളവ ഇതിനായി ഉപയോഗിക്കും. കൊറോണ വൈറസ് പടർന്നുപിടിച്ചതോടെ ജർമനിയിൽ ഫുട്‌ബോൾ മത്സരങ്ങൾ പാതിയിൽ നിർത്തി. ഇതോടെ ക്ലബ്ബുകൾ കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിവിധ ക്ലബ്ബുകൾ കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്.

50 ലക്ഷം നൽകി സച്ചിൻ

മുംബൈ: കൊറോണ ബാധിതരെ സഹായിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇന്ത്യൻ കായികതാരങ്ങളിൽനിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നിധിയിലേക്കും സച്ചിൻ 25 ലക്ഷം രൂപ വീതം നൽകി. ഒട്ടേറെ കായികതാരങ്ങൾ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പങ്കുചേരുന്നുണ്ട്.

സാമ്പത്തിക സഹായവുമായി ക്രിക്കറ്റ് അസോസിയേഷനുകൾ

മുംബൈ: കൊറോണ പ്രതിരോധത്തിന് സാമ്പത്തിക സഹായം നൽകി ക്രിക്കറ്റ് അസോസിയേഷനുകൾ. മുംബൈ ക്രിക്കറ്റ് അസോസിയേൻ 50 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

സൗരാഷ്ട്ര അസോസിയേഷൻ 21 ലക്ഷം വീതം പ്രധാനമന്ത്രിയുടെയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബംഗാൾ അസോസിയേഷൻ 25 ലക്ഷം പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകി.