: ഇടംകൈകൊണ്ട് മൂന്ന് വയസ്സുകാരി ദുവയെ ചേർത്തുപിടിച്ച്, രണ്ട് വെള്ളപ്പാത്രങ്ങൾ അതിരിട്ട വരയ്ക്കുമുകളിലൂടെ അടിച്ച പന്ത് മകൻ ആരോമലിന് മടക്കാൻ കഴിയാതെ പോയപ്പോൾ വിജയൻ ആവേശത്തോടെ വിളിച്ചു പറഞ്ഞു 14-12...

തൃശ്ശൂർ ചെമ്പുകാവിലെ അയനിവളപ്പിൽ വീട്ടിനുള്ളിൽ രാവിലെ മുതൽ പന്തടിയുടെ ശബ്ദം കേട്ടുതുടങ്ങും. എങ്ങനെ കേൾക്കാതിരിക്കും, ഓർമ വെച്ചനാൾ മുതൽ പന്ത് തട്ടിക്കൊണ്ടിരിക്കുന്ന ഒരു താരം വീടിന് പുറത്തിറങ്ങാതെ, പരിശീലനത്തിനുപോലും പന്തുതട്ടാതെ ഇരിക്കുകയല്ലേ. അപ്പോൾ വെള്ളപ്പാത്രം ഗോൾ പോസ്റ്റുകളായും തീൻമുറി മൈതാനമായും മാറും. പന്ത് കളിക്കാത്ത കാലമെന്നാണ് ഐ.എം. വിജയൻ ഈ കാലത്തെ വിശേഷിപ്പിക്കുന്നത്.

വൈറലായ വീഡിയോ

ഐ.എം. വിജയനും മകൻ ആരോമലും പേരക്കുട്ടി ദുവയും പന്ത് കളിക്കുന്ന വീഡിയോ കേരളത്തിലെ ഫുട്‌ബോൾ പ്രേമികളുടെ ഫോണുകളിൽ നിറയുന്ന കാലമാണ്. കേരള പോലീസിലെ കളിക്കാർക്ക് ഇപ്പോൾ വീട്ടിനുള്ളിൽ അടങ്ങിയിരിക്കേണ്ട കാലവും. അങ്ങനെയാണ് കേരള പോലീസിന്റെ മുൻതാരവും ടെക്‌നിക്കൽ ഡയറക്ടറുമായ വിജയന് വീട്ടിലിരിക്കേണ്ടിവന്നത്. മത്സരങ്ങൾക്കായി വിവിധയിടങ്ങളിൽ പോയതുകാരണമുള്ള ചെറിയ മുൻകരുതൽ.

അയനിവളപ്പിലെ വിജയന്റെ വീട്ടിൽ എല്ലാവരുമുണ്ട്. ഭാര്യ രാജി, മക്കളായ അർച്ചന, അഭിരാമി, മകൻ ആരോമൽ, മരുമകൻ ആദിൽ, അർച്ചനയുടെയും ആദിലിന്റെയും മകൾ ദുവ. നേരംപോകാൻ വിജയനും മക്കൾക്കും വീട്ടിനുള്ളിലെ ഫുട്‌ബോളാണ് ആശ്രയം.

പന്ത് തട്ടാത്ത കാലം

‘‘ഓർമവെച്ച നാൾമുതൽ ഫുട്‌ബോൾ തട്ടുന്നു. എന്റെ ജീവിതത്തിൽ ഫുട്‌ബോൾ തട്ടാതിരുന്നകാലം ഓർമയില്ല. പരിക്കുള്ളപ്പോൾ വിശ്രമിച്ചിട്ടുണ്ട്. ഇതിപ്പോ പരിശീലനത്തിനുപോലും പോകാൻ കഴിയില്ല. കൊറോണ പടർന്നുപിടിച്ചത് പലരീതിയിലും നമ്മളെ ബാധിക്കുന്നു. ഫുട്‌ബോളിൽ തൊടാതെ ദിവസങ്ങൾ തള്ളിനീക്കാൻ പ്രയാസമാണ്. അപ്പോൾ വീട്ടിനുള്ളിലും തട്ടിക്കളിക്കും. ദുവയ്ക്കൊപ്പം കളിക്കുകയാണ് പ്രധാനം. ഇങ്ങനെയിരിക്കുന്നതിൽ ബോറടിയൊന്നും ഇല്ല. നല്ലകാര്യത്തിനാണല്ലോ ഇരിക്കുന്നത്’’.

ചെന്നൈയിൻ ജയിക്കേണ്ട കളി

സംസാരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മാറി. ‘‘ഫൈനലിന് കമന്ററി പറയാൻ പോയിരുന്നു. ചെന്നൈയിൻ ജയിക്കേണ്ട കളി. അവരുടെ പുതിയ പരിശീലകൻ വന്നതിനുശേഷം കളി ശരിക്കും മാറി. ഫൈനലിൽ നന്നായി കളിച്ചത് ചെന്നൈയിനായിരുന്നു. തുടക്കത്തിൽ നല്ല അവസരങ്ങളും കിട്ടി. എ.ടി.കെ. പ്രതിരോധത്തിലാണ് കളിച്ചത്’’.

ബ്ലാസ്റ്റേഴ്‌സ് നല്ല കളിക്കാരെ കൊണ്ടുവരണം

ഈ സീസണിൽ അവസാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചത്. മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ മാനേജ്‌മെന്റ് ശ്രദ്ധിക്കണം. ഏജന്റുമാർ കളിക്കാരെ എത്തിക്കുന്ന രീതി മാറണം. ഫിറ്റല്ലാത്ത കളിക്കാർ എത്തുന്നത് ഏജന്റുമാരെ അമിതമായി ആശ്രയിക്കുന്നതുകൊണ്ടാണ്. പരിശീലകന് ആവശ്യമുള്ള കളിക്കാരെയാണ് എടുക്കേണ്ടത്.

ഛേത്രി കഴിഞ്ഞാൽ...

സുനിൽ ഛേത്രി കഴിഞ്ഞാൽ മികച്ച സ്‌ട്രൈക്കർമാരില്ലാത്ത അവസ്ഥയാണ്. കളിക്കാർക്ക് അവസരം കിട്ടാത്തതല്ല കാരണം. സ്‌ട്രൈക്കർമാർ വളർന്നുവരുന്നില്ലെന്നതുതന്നെയാണ്. എന്താണ് കാരണം എന്നറിയില്ല. ഛേത്രിക്ക് ഇനിയും കുറച്ചുകാലം കളിക്കാൻ കഴിയും. അദ്ദേഹം വിരമിക്കുംമുമ്പ് പുതിയ താരങ്ങൾ വരുമെന്ന് കരുതാം.

ഇന്ത്യൻ ഫുട്‌ബോളിൽ മാറ്റം

ഇന്ത്യൻ ഫുട്‌ബോൾ നന്നായി മാറിക്കൊണ്ടിരിക്കുന്നു. ഇഗോർ സ്റ്റിമാച്ച് നല്ല പരിശീലകനാണ്. ഖത്തറിനെ അവരുടെ നാട്ടിൽ സമനിലയിൽ പിടിച്ചത് വലിയ കാര്യമാണ്. ഇന്ത്യ പാസിങ് ഗെയിം കളിക്കുന്നത് കാണുമ്പോഴൊക്കെ സന്തോഷം തോന്നാറുണ്ട്.

പോലീസുകാരനാണെങ്കിലും തല്ലുകിട്ടും

“ആവശ്യമില്ലാതെ പുറത്തിറങ്ങിയാൽ പോലീസുകാരനാണെന്നൊന്നും നോക്കില്ല. ചിലപ്പോൾ തല്ലും കിട്ടും. ഇത്രയും ദിവസത്തിനിടെ കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ വേണ്ടിമാത്രമാണ് പുറത്തിറങ്ങിയത്. രണ്ട് സ്ഥലത്ത് പരിശോധനയുണ്ടായി.

പോലീസുകാരുടെ കഷ്ടപ്പാട്

കഠിനമായ കാലത്താണ് പോലീസുകാർ ജോലി ചെയ്യുന്നത്. അതുകൊണ്ട് എല്ലാവരും വീട്ടിൽതന്നെ ഇരിക്കുക, വളരെ അത്യവശ്യത്തിന് മാത്രം പുറത്തിറങ്ങുക’’ -പോലീസിൽ സി.ഐ. റാങ്കിലുള്ള മുൻ അന്താരാഷ്ട്ര ഫുട്‌ബോളർ പറഞ്ഞു നിർത്തി.