ടോക്യോ: സാമൂഹിക മാധ്യമങ്ങളിൽ സ്വന്തം പേരിനൊപ്പം ഭർത്താവ് ഗെയ്ൽ മൊൺഫിൽസിന്റെ പേരുകൂട്ടിചേർത്തതൊക്കെ ശരി. അത് ഔദ്യോഗികമാക്കാൻ ശ്രമിച്ചാൽ യുക്രൈൻ ടെന്നീസ് താരവും ലോക നാലാം നമ്പരുമായി എലിന സ്വിറ്റോലിന സമ്മതിക്കില്ല. പ്രൊഫഷൽ കരിയർ അവസാനിക്കും വരെ തന്റെ പേര് മാറ്റില്ലെന്ന നയം അവർ ഒളിമ്പിക്സിനിടെ വെളിപ്പെടുത്തി.

ഒളിമ്പിക്സിന് കുറച്ചുദിവസം മുമ്പാണ് സ്വിറ്റോലിനയും ഫ്രഞ്ച് ടെന്നീസ് താരം ഗെയ്ൽ മൊൺഫിൽസും വിവാഹിതരായാത്. പിന്നാലെ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ അവർ പേര് എലിന മൊൺഫിൽസ് എന്നാക്കി.

ഒളിമ്പിക്സ് ടെന്നീസ് മത്സരത്തിനിടെ ചില വെബ്‌സൈറ്റുകൾ എലിനയുടെ പേര് മൊൺഫിൽസ് ചേർത്താണ് ഉപയോഗിച്ചത്. മത്സരത്തിനുശേഷം ഇക്കാര്യത്തിൽ എലേന നിലപാട് വ്യക്തമാക്കി. ‘ടെന്നീസ് ലോകത്ത് ഞാൻ അറിയപ്പെടുന്നത് എലേന സ്വിറ്റോലിനയെന്നാണ്. കരിയറിൽ ഇത്രയും നേട്ടങ്ങളുണ്ടാക്കിയതും ഈ പേരിലാണ്. വിരമിക്കുംവരെ ഈ പേരിൽ തുടരും. ഇപ്പോൾ കുടുംബപ്പേരു മാറ്റിയാൽ അത് അച്ഛന് വിഷമമാകും’’

ഒളിമ്പിക്സിൽ ആദ്യ മൂന്നു റൗണ്ട് മത്സരങ്ങളും ജയിച്ച് സ്വിറ്റോലിന പ്രീ ക്വാർട്ടറിൽ കടന്നു. ചൊവ്വാഴ്ച മൂന്നാം റൗണ്ടിൽ ഗ്രീക്ക് താരം മരിയ സക്കാരിയെയാണ് അവർ മൂന്നു സെറ്റുകളിൽ മറികടന്നത്. മൊൺഫിൽസ് ആദ്യറൗണ്ടിൽ തോറ്റു.