ചെന്നൈ: രണ്ടുമാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തി. ക്യാപ്റ്റൻ ജോ റൂട്ട് അടക്കമുള്ള താരങ്ങൾ ശ്രീലങ്കയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയോടെ ചെന്നൈയിൽ വിമാനമിറങ്ങി. ആദ്യ ടെസ്റ്റ് ഫെബ്രുവരി അഞ്ചിന് ചെന്നൈയിൽ തുടങ്ങും. ഇന്ത്യൻ താരങ്ങളും ഇവിടെ എത്തിത്തുടങ്ങി.
രണ്ടാം ടെസ്റ്റും ഇതേ വേദിയിലാണ്. മൂന്നും നാലും ടെസ്റ്റുകൾ അഹമ്മദാബാദിൽ നടക്കും.
തുടർന്ന് അഞ്ച് ട്വന്റി 20 യും മൂന്ന് ഏകദിനവും കളിക്കും. മാർച്ച് 28-നാണ് അവസാന ഏകദിനം.
ഇംഗ്ലണ്ട് താരങ്ങൾ ആറുദിവസം ക്വാറന്റൈനിൽ ആയിരിക്കും. ഫെബ്രുവരി രണ്ടിന് ടീം പരിശീലനത്തിനിറങ്ങും. ശ്രീലങ്കയ്ക്കെതിരായ രണ്ടു ടെസ്റ്റിലും ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റൂട്ടും സംഘവും ഇന്ത്യയിലേക്ക് തിരിച്ചത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇല്ലാതിരുന്ന ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ, റോറി ബേൺസ് എന്നിവർ തിങ്കളാഴ്ചതന്നെ ഇന്ത്യയിലെത്തിയിരുന്നു.