മിലാൻ: സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗോൾ നേടുകയും ചുവപ്പുകാർഡ് കണ്ടു പുറത്തുപോകുകയും ചെയ്ത മത്സരത്തിൽ എ.സി.മിലാന് തോൽവി. കോപ്പ ഇറ്റാലിയ ഫുട്‌ബോളിലെ നാട്ടങ്കത്തിൽ മിലാനെ കീഴടക്കി ഇന്റർമിലാൻ (1-2) സെമിഫൈനലിൽ കടന്നു.
ഇഞ്ചുറി ടൈമിലെ ഏഴാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് ഗോൾ നേടി ക്രിസ്റ്റ്യൻ എറിക്സനാണ് ഇന്ററിന് നാടകീയ ജയം സമ്മാനിച്ചത്. 71-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും ടീമിനായി സ്കോർ ചെയ്തു. 31-ാം മിനിറ്റിൽ ഇബ്രയുടെ ഗോളിൽ എ.സി.മിലാൻ ലീഡെടുത്തതാണ്. എന്നാൽ, 58-ാം മിനിറ്റിൽ ലുക്കാക്കുവിനെ തുപ്പിയതിന് ഇബ്ര ചുവപ്പുകാർഡ് കണ്ട് പുറത്തായത് മിലാന്റെ താളം തെറ്റിച്ചു.