ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് ചെൽസി പുതിയ പരീശീലകനായി തോമസ് ടുച്ചലിനെ നിയമിച്ചു. മുൻ പി.എസ്.ജി. പരിശീലകന് 18 മാസത്തെ കരാറാണ് നൽകിയിട്ടുള്ളത്. പുറത്താക്കപ്പെട്ട ഫ്രാങ്ക് ലാംപാർഡിന്റെ പിൻഗാമിയാണ്.

2003-ൽ റഷ്യൻ ശതകോടീശ്വരനായ റോമൻ അബ്രമോവിച്ച് ചെൽസിയെ ഏറ്റെടുത്ത ശേഷം ടീമിന്റെ മുഴുവൻ സമയ പരിശീലകനാവുന്ന 11-ാമത്തെയാളാണ് ടുച്ചൽ. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.ക്കൊപ്പം ആറ് കിരീടങ്ങൾ നേടിയിട്ടുള്ള ടുച്ചൽ ബൊറൂസ്സിയ ഡോർട്മുൺഡിനൊപ്പം ജർമൻ കപ്പും നേടി. മെയ്ൻസ്, ഓഗ്‌സ്ബർഗ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് ക്ലബ്ബിന്റെ ഇതിഹാസതാരം കൂടിയായ ലാംപാർഡിനെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്.