ഭോപ്പാൽ: ഫെഡറേഷൻ കപ്പ് ജൂനിയർ അത്‌ലറ്റിക്‌സിൽ 12 പേരുമായി പങ്കെടുത്ത കേരളം മൂന്ന് സ്വർണവും രണ്ട് വെള്ളിയുമായി അഭിമാനനേട്ടം സ്വന്തമാക്കി. പെൺകുട്ടികളുടെ ലോങ്ജമ്പിൽ 6.12 മീറ്റർ ദൂരം ചാടി ആൻസി സോജൻ സ്വർണവും 200 മീറ്റർ ഓട്ടത്തിൽ വെള്ളിയും (രണ്ടുമിനിറ്റ് 24 സെക്കൻഡ്) നേടി.

പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജെ. വിഷ്ണുപ്രിയ (ഒരു മിനിറ്റ് 02.57 സെക്കൻഡ്), 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമി (14.25 സെക്കൻഡ്) എന്നിവരും സ്വർണം നേടി. ആൻസിയുടെയും ആൻ റോസിന്റെയും സ്വർണനേട്ടം ചൊവ്വാഴ്ചയായിരുന്നു. ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ.കെ. സൂര്യജിത്ത് (53.83 സെക്കൻഡ്) വെള്ളിയും ട്രിപ്പിൾജമ്പിൽ സി. അഖിൽകുമാർ (15.80 മീറ്റർ) വെങ്കലവും നേടി.

ആദ്യദിനം പി.ഡി. അഞ്ജലിയും വെള്ളി നേടിയിരുന്നു. മീറ്റ് ബുധനാഴ്ച സമാപിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഓവറോൾ കിരീട വിതരണമോ മറ്റ് ചടങ്ങുകളോ ഉണ്ടായില്ല.