തേഞ്ഞിപ്പലം: ദക്ഷിണേന്ത്യ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന് മൂന്ന്‌ റെക്കോഡ് ഉൾപ്പെടെ 10 സ്വർണം. ട്രാക്കിലും ഫീൽഡിലുമായി നടത്തിയ കുതിപ്പിൽ മൊത്തം 17 സ്വർണവും 28 വെള്ളിയും 22 വെങ്കലവുമടക്കം 450.5 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ് കേരളം.

20-ൽ താഴെയുള്ള വനിതകളുടെ വിഭാഗം 100മീ. ഹർഡിൽസിൽ അപർണ റോയിയും (14.14 സെ.) ലോങ്ജമ്പിൽ ആൻസി സോജനും (6.28മീ.) ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നിയുമാണ് (49മീ.) കേരളത്തിനായി പുതിയ റെക്കോഡ് ഉടമകളായത്. ഇതടക്കം 11 റെക്കോഡുകൾ രണ്ടാംദിനം കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ പിറന്നു.

14-ൽ താഴെ ലോങ്ജമ്പിൽ സായിനന്ദന, 18-ൽ താഴെ 800മീറ്ററിൽ സ്റ്റെഫി സാറാ കോശി, 16-ൽ താഴെ ഡിസ്‌കസിൽ കെ.സി. സർവാൻ, 20-ൽ താഴെ പോൾവാൾട്ടിൽ കെ. അതുൽരാജ്, 20-ൽ താഴെ ഹൈജമ്പിൽ രോഷ്‌നി അഗസ്റ്റിൻ, 18-ൽ താഴെ 800 മീറ്ററിൽ അജയ് കെ. വിശ്വനാഥ്, 110 മീ. ഹർഡിൽസിൽ വി. മുഹമ്മദ് ഹനാൻ എന്നിവരാണ് കേരളത്തിനായി സ്വർണംനേടിയ മറ്റുള്ളവർ.

മീറ്റിൽ മുന്നിൽ തുടരുന്ന തമിഴ്‌നാടിന് 24 സ്വർണവും 29 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 491.5 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള കർണാടകത്തിന് 14 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 249 പോയിന്റാണുള്ളത്.

കർണാടകത്തിനായി 16-ൽ താഴെ പെൺകുട്ടികളുടെ ഹൈജമ്പിൽ പാവന നാഗരാജ് (1.68മീ.), 18-ൽ താഴെ പെൺകുട്ടികളുടെ 400മീറ്ററിൽ പ്രിയ ഹബ്ബത്തനഹള്ളി മോഹൻ (54.84 സെ.), 16-ൽ താഴെ ആൺകുട്ടികളുടെ 800മീറ്ററിൽ കർണാടകത്തിന്റെ ബൊപ്പണ്ണ കാളപ്പ തലേപാണ്ഡ (1മി. 50.21 സെ.), തമിഴ്‌നാടിനായി.

16-ൽ താഴെ പെൺകുട്ടികളുടെ ഷോട്ട്‌പുട്ടിൽ രൂപശ്രീ കൃഷ്ണമൂർത്തി ((14.11മീ.), 18-ൽ താഴെ ഷോട്ട്പുട്ടിൽ എം. ഷർമിള (15.01മീ.), 18-ൽ താഴെ ആൺകുട്ടികളുടെ 400മീ. ഓട്ടത്തിൽ എസ്. ഭരത് (48.04സെ.), പോൾവാൾട്ടിൽ ആർ. ശക്തി മഹേന്ദ്രൻ (4.56മീ.), 18-ൽ താഴെ പെൺകുട്ടികളുടെ 100മീ. ഹർഡിൽസിൽ തെലങ്കാനയുടെ അഗ്‌സാര നന്ദിനി (13.87 സെ.) എന്നിവരാണ് രണ്ടാം ദിനം റെക്കോഡിട്ടവർ.

സമാപനദിനമായ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് 20-ൽ താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിലെ പതിനായിരം മീ. ഓട്ടത്തോടെ മത്സരം തുടങ്ങും. 30 ഫൈനലുകൾ കൂടിയാണ് ഇനിയുള്ളത്.