മോസ്കോ: ഫോർമുല വൺ കാറോട്ടത്തിൽ നൂറു ഗ്രാൻപ്രീ വിജയങ്ങൾ കുറിക്കുന്ന ആദ്യ ഡ്രൈവറായി ലൂയി ഹാമിൽട്ടൺ. ഞായറാഴ്ച സോചി ഒളിമ്പിക് പാർക്കിൽ നടന്ന റഷ്യൻ ഗ്രാൻപ്രീയിൽ ഒന്നാമത് എത്തിയതോടെയാണ് മെഴ്‌സിഡസന്റെ ബ്രിട്ടീഷ് ഡ്രൈവർ നൂറു വിജയം തികച്ചത്. റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പൻ രണ്ടാം സ്ഥാനവും ഫെരാരിയുടെ കാർലോസ് സെയ്ൻസ് മൂന്നാംസ്ഥാനവും നേടി.

വിജയത്തോടെ ഈവർഷത്തെ ചാമ്പ്യൻപട്ടത്തിനുള്ള പോയന്റ് പട്ടികയിൽ വെസ്തപ്പനെ മറികടന്ന് ഹാമിൽട്ടൺ ഒന്നാം സ്ഥാനത്തേക്ക് കയറി. ഹാമിൽട്ടണ് 246.5 പോയന്റും വെസ്റ്റപ്പന് 244.5 പോയന്റുമായി. മെഴ്‌സിഡസിന്റെതന്നെ വാൾട്ടേരി ബോത്താസാണ് (151) മൂന്നാംസ്ഥാനത്ത്.

ഏഴുതവണ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള 36 കാരനായ ഹാമിൽട്ടൺ ഇക്കാര്യത്തിൽ ഇതിഹാസ താരം മൈക്കൽ ഷുമാക്കറുമായി റെക്കോഡ് പങ്കിടുന്നു. എട്ടാം കിരീടത്തിലേക്കുള്ള യാത്രയിലാണ്. ഈവർഷം ഏഴു ഗ്രാൻപ്രീകൾ കൂടി ബാക്കിയുണ്ട്. ചാമ്പ്യൻഷിപ്പ് നേടാനായാൽ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാകും. ഗ്രാൻപ്രീ വിജയങ്ങളിൽ നേരത്തേതന്നെ റെക്കോഡ് ഹാമിൽട്ടന്റെ പേരിലാണ്.

സീസണിൽ പൂർത്തിയായ 15 ഗ്രാൻപ്രീകളിൽ അഞ്ചാമത്തെ ഒന്നാംസ്ഥാനമാണിത്. കാറിന്റെ സാങ്കേതിക പിഴവുമൂലം ഞായറാഴ്ച ഇരുപതാമനായി തുടങ്ങിയ മാക്സ് വെസ്തപ്പൻ രണ്ടാമനായി ഫിനിഷ് ചെയ്തതും ശ്രദ്ധേയമായി.