ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ വമ്പന്മാരായ ലിവർപൂളും ലെസ്റ്റർ സിറ്റിയും സമനിലയിൽ കുരുങ്ങി. ലിവർപൂളിനെ ബ്രെന്റ് ഫോഡും (3-3) ലെസ്റ്ററിനെ ബേൺലിയും (2-2) തളച്ചു.

ആറു ഗോൾ കണ്ട ത്രില്ലർ മത്സരത്തിൽ രണ്ടുതവണ പിന്നിട്ടുനിന്നശേഷമാണ് ലീഗിലെ പുതുമുഖ ടീമായ ബ്രെന്റ്‌ഫോഡ് ലിവർപൂളിനെ പിടിച്ചുനിർത്തിയത്. ഡീഗോ ജോട്ട (31), മുഹമ്മദ് സല (54), കുർട്ടിസ് ജോൺസ് (67) എന്നിവർ ലിവർപൂളിനായി ഗോൾ നേടി. എഥൻ പിന്നോക് (27), വിറ്റാലി യാനെൽറ്റ് (63), യൂനെ വിസ്സ (82) എന്നിവർ ബ്രെന്റ്‌ഫോഡിനായും ഗോൾ നേടി. മുഹമ്മദ് സല ലിവർപൂളിനായി പ്രീമിയർ ലീഗിൽ 100 ഗോൾ തികയ്ക്കുകയും ചെയ്തു.

ബേൺലിക്കെതിരേ ജെയ്മി വാർഡിയുടെ ഇരട്ടഗോളാണ് (37, 85) ലെസ്റ്ററിന് തുണയായത്. മാക്‌സ്‌വെൽ കോർനെറ്റ് (40) ബേൺലിയുടെ ഗോൾ നേടി. ജെയ്മി വാർഡിയുടെ സെൽഫ് ഗോളും (12) ടീമിന് ലഭിച്ചു.

ആറ്‌് റൗണ്ട് കഴിഞ്ഞപ്പോൾ ലിവർപൂൾ (14), മാഞ്ചെസ്റ്റർ സിറ്റി (13), ചെൽസി (13), മാഞ്ചെസ്റ്റർ യുണൈറ്റഡ് (13), എവർട്ടൻ (13) എന്നിങ്ങനെയാണ് പോയന്റ് നില.