:ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഭാവിതാരങ്ങൾ ആരൊക്കെയാകുമെന്ന ചർച്ച നേരത്തേയുണ്ടെങ്കിലും ഇപ്പോഴത് രണ്ട് കളിക്കാരിലേക്കെത്തുന്നു. ഒന്നരപ്പതിറ്റാണ്ടിനടുത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി എന്നിവരുടെ അപ്രമാദിത്വമായിരുന്നു ക്ലബ്ബ് ഫുട്‌ബോളിൽ. ഇരുവർക്കും പ്രായമേറിത്തുടങ്ങിയതോടെയാണ് പുതിയ താരങ്ങളിലേക്ക് ചർച്ചമാറിയത്.

പി.എസ്.ജി.യുടെ ഫ്രഞ്ച് മുന്നേറ്റനിരതാരം കൈലിയൻ എംബാപ്പെയും ബൊറൂസ്സിയ ഡോർട്മുൺഡിന്റെ എർലിങ് ഹാളണ്ടുമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. സമീപകാലത്ത് മികച്ച ഫോമിലുള്ള ഇരുവരും ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം നിരക്കാരാണ്. നടപ്പുസീസണിൽ ഒമ്പതു കളിയിൽ എംബാപ്പെ ക്ലബ്ബിനായി നാലുഗോൾ നേടി. ഹാളണ്ടാകട്ടെ എട്ട് കളിയിൽ 11 ഗോളടിച്ചു. ഇരുവരെയും ലക്ഷ്യമിട്ട് റയൽ മഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ മോഹവിലയുമായി രംഗത്തുമുണ്ട്.