സിക്സില്ല, ബൗണ്ടറിയില്ല, എന്തിന് ഡബിൾ പോലുമില്ല. 16 സിംഗിളുകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ 35 പന്തിൽ 16 റൺസെടുത്ത വിൻഡീസ് ഓപ്പണർ ലെൻഡൽ സിമ്മൺസിന്റെ ഇന്നിങ്‌സിന്റെ കഥയാണിത്.

ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെതന്നെ ബൗണ്ടറിയോ സിക്സോ ഇല്ലാതെ കൂടുതൽ പന്ത് നേരിട്ടവരുടെ കൂട്ടത്തിലേക്കാണ് സിമ്മൺസിന്റെ മെല്ലെപ്പോക്ക് കയറിപ്പോയത്. ശരിക്കും പറഞ്ഞാൽ ടീമിനെ നക്ഷത്രം എണ്ണിച്ച പ്രകടനം.

മറുവശത്ത് സഹ ഓപ്പണർ എവിൻ ലൂയിസ് തകർത്തടിക്കുമ്പോളാണ് സിമ്മൺസിന്റെ ‘പ്രകടനം’. 61 മിനിറ്റ് ക്രീസിൽ ചെലവിട്ട് 13.2 -ാം ഓവറിൽ കഗീസോ റബാഡെയുടെ പന്തിൽ താരം പുറത്താകുമ്പോൾ വിൻഡീസ് ആരാധകർ പോലും ആഹ്ളാദത്തിലായിക്കാണും.