ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിന് തൊട്ടുമുമ്പ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണിതെന്ന് ക്യാപ്റ്റൻ ടെംബ ബാവുമ അറിയിച്ചു.

വംശീയതയ്ക്കെതിരായ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനത്തിന് പിന്തുണയുമായി കളിക്കാർ മത്സരത്തിനുമുമ്പ് ഗ്രൗണ്ടിൽ മുട്ടുകുത്തിനിൽക്കണമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ബോർഡ് തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. തുടർന്നുള്ള എല്ലാ മത്സരങ്ങളിലും ഇത് പാലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഈ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടെടുത്താണ് ഡി കോക്കിന്റെ പിന്മാറ്റം. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മുട്ടുകുത്താൻ ഇതുപോലെ ഡി കോക്ക് വിസ്സമ്മതിച്ചിരുന്നു.

ഇന്ത്യ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് ടീമുകളിലെ താരങ്ങളെല്ലാം ഈ ലോകകപ്പിൽ ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്നു. ലോകകപ്പ് വേദിയിൽ മുട്ടുകുത്തി വംശീയതയ്ക്കെതിരായ നിലപാട് പ്രഖ്യാപിക്കുക എന്നത് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തെ സംബന്ധിച്ചും നിർണായകമാണെന്ന് ബോർഡ് വ്യക്തമാക്കിയിരുന്നു.

ഒരു കാലത്ത് വർണവിവേചനത്തിന് കുപ്രസിദ്ധിയാർജിച്ച ദക്ഷിണാഫ്രിക്കയിൽ ഇപ്പോഴും അതിന്റെ കനലുകളുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. മാർക്ക് ബൗച്ചർ മുഖ്യപരിശീലകനായെത്തിയശേഷം ക്രിക്കറ്റ് ടീമിലും പ്രശ്നങ്ങളുണ്ട്. ബൗച്ചറുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അസിസ്റ്റന്റ്‌ കോച്ച് എനോക്ക് നിക്ക്വെ ഓഗസ്റ്റിൽ രാജിവെച്ചു. ബൗച്ചർ ടീമിൽ സുപ്രധാന അംഗമായിരിക്കേ തങ്ങൾ അവഗണന നേരിട്ടെന്ന് കറുത്ത വംശജരായ മുൻ താരങ്ങളുടെ വെളിപ്പെടുത്തലും പിന്നാലെ വന്നു. ബൗച്ചർ പങ്കെടുത്ത ടീം മീറ്റിങ്ങിൽ താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്ന് മുൻ സ്പിൻ ബൗളർ പോൾ ആഡംസും ആരോപിച്ചു.

വംശീയതയ്ക്കെതിരേ പ്രതിഷേധിക്കാൻ മുമ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക കളിക്കാർക്ക് മൂന്ന് മാർഗങ്ങൾ നിർദേശിച്ചിരുന്നു. മുട്ടുകുത്തുക, മുഷ്ടി ചുരുട്ടുക, അറ്റൻഷനായ് നിൽക്കുക. എന്നാൽ, ഇതിലൊന്നുപോലും സ്വീകരിക്കാത്ത ഏക താരമാണ് ഡി കോക്ക്. വംശീയവിരുദ്ധ പോരാട്ടം നടത്തുന്ന സംഘടനകൾ ഇക്കാര്യത്തിൽ ഡി കോക്കിനെ നിശിതമായി വിമർശിച്ചിരുന്നു. ഇക്കുറി ലോകകപ്പിൽ എല്ലാ കളിക്കാരും മുട്ടുകുത്തുകതന്നെ വേണമെന്ന കർശനനിർദേശമാണ് ക്രിക്കറ്റ് ബോർഡ് നൽകിയത്.