മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ടീം മലയാളിതാരം സഞ്ജു സാംസണെ നിലനിർത്തിയേക്കും. പുതിയ രണ്ടു ടീമുകൾകൂടി ഐ.പി.എലിലേക്ക് എത്തിയതോടെ അടുത്ത മാസം ഒടുവിൽ മെഗാ താരലേലം നടക്കും. അതിനു മുന്നോടിയായി, ഇപ്പോഴത്തെ ടീമിൽനിന്ന് നിലനിർത്തുന്നവരുടെ പട്ടിക നവംബർ 30-നകം നൽകണം. നിലവിലെ ടീമിലെ നാലുപേരെ ഓരോ ടീമിനും നിലനിർത്താം. ഇതിൽ പരമാവധി രണ്ടു വിദേശതാരങ്ങൾ മാത്രമേ പാടുള്ളൂ. നിലവിലെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിന് രാജസ്ഥാൻ റോയൽസ് മുഖ്യ പരിഗണന നൽകുന്നു. ഏകദേശം 14 കോടി രൂപയ്ക്ക് സഞ്ജുവിനെ നിലനിർത്താൻ ധാരണയായതായി റിപ്പോർട്ടുണ്ട്.

2013-ൽ രാജസ്ഥാൻ റോയൽസ് ടീമിലെത്തിയ സഞ്ജു 2016-ൽ ഡൽഹി ടീമിലേക്ക് മാറിയെങ്കിലും 2018-ൽ രാജസ്ഥാനിൽ തിരിച്ചെത്തി. കഴിഞ്ഞവർഷം ടീമിന്റെ ക്യാപ്റ്റനുമായി. എട്ടു കോടി രൂപയായിരുന്നു കഴിഞ്ഞവർഷം സഞ്ജുവിന്റെ പ്രതിഫലം.