കാൺപുർ: അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യയുടെ ശ്രേയസ് അയ്യരും കരിയറിലെ 13-ാം അഞ്ചു വിക്കറ്റ് പ്രകടനവുമായി ന്യൂസീലൻഡിന്റെ പേസ് ബൗളർ ടിം സൗത്തിയും ദിവസത്തിന്റെ ആദ്യ പകുതി പങ്കിട്ടു. പക്ഷേ, വേർപിരിയാത്ത ഓപ്പണിങ് വിക്കറ്റിൽ 129 റൺസ് ചേർത്ത് രണ്ടാംപാതി ന്യൂസീലൻഡ് ഒറ്റയ്ക്ക് സ്വന്തമാക്കി.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസീലൻഡിന് ആശ്വസിക്കാൻ വകയുണ്ട്. നാലിന് 258 റൺസ് എന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 345 റൺസിൽ അവസാനിപ്പിച്ചു. പിന്നെ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസിലെത്തിയതോടെ കളിയിൽ ന്യൂസീലൻഡ് നേരിയ മേൽക്കൈ നേടി. ഓപ്പണർമാരായ വിൽ യങ്ങും (75* ടോം ലാതവും (50*) പുറത്താകാതെ നിൽക്കുന്നു.

ഓപ്പണിങ് വിക്കറ്റ് പൊളിക്കാൻ ഇന്ത്യൻ ബൗളർമാർ എല്ലാ പഴുതുകളും നോക്കി. ടോം ലാഥം മൂന്നുവട്ടം അമ്പയറുടെ ഔട്ട് വിളിയെ റിവ്യൂവിലൂടെ അതിജീവിച്ചു. രവീന്ദ്ര ജഡേജയുടെയും ഉമേഷ് യാദവിന്റെയും പന്തുകളിൽ എൽബിയിൽനിന്നും ആർ. അശ്വിന്റെ പന്തിൽ ക്യാച്ചിൽനിന്നും രക്ഷപ്പെട്ടു. അവസാന 31 ഓവറിൽ ന്യൂസീലൻഡ് ചേർത്തത് 57 റൺസ് മാത്രം. പക്ഷേ, ആ കൂട്ടുകെട്ട് പൊളിക്കാനായില്ല. 180 പന്ത് നേരിട്ട യങ് 12 ഫോർ അടിച്ചു. 165 പന്ത് കളിച്ച ലാഥം നാലു ഫോർ നേടി.

ശ്രേയസ് അയ്യരുടെ സെഞ്ചുറിയും (105) ടിം സൗത്തിയുടെയും ബൗളിങ്ങുമാണ് രാവിലെ തിളങ്ങിനിന്നത്. തലേന്നത്തെ സ്കോറിനോട് ഒരു റൺ പോലും ചേർക്കാനാകാതെ വെള്ളിയാഴ്ചത്തെ മൂന്നാം ഓവറിൽ ജഡേജ (50) സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി. പകരമെത്തിയ സാഹ (1) സൗത്തിയുടെ പന്തിൽ എൽബി ആയി. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റിൽ സെഞ്ചുറി തികച്ച് അധികം വൈകാതെ ശ്രേയസിനെ സൗത്തിയുടെ പന്തിൽ യങ് ക്യാച്ചെടുത്തു. 171 പന്ത് നേരിട്ട ശ്രേയസ് 13 ബൗണ്ടറിയും രണ്ട് സിക്സും അടിച്ചു.

പിന്നാലെ അക്സർ പട്ടേൽ (3) സൗത്തിയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി. വെള്ളിയാഴ്ച വീണ ആദ്യ നാലു വിക്കറ്റും സ്വന്തമാക്കിയ സൗത്തി തലേന്നത്തെ ഒന്നും ചേർത്ത് കരിയറിലെ 13-ാം അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. വാലറ്റത്ത് പിടിച്ചുനിന്ന ആർ. അശ്വിനെ (38) അജാസ് പട്ടേൽ ക്ലീൻ ബൗൾഡാക്കി. ന്യൂസീലൻഡ് നിരയിൽ സ്പിന്നർ നേടുന്ന ആദ്യ വിക്കറ്റാണത്. ഇഷാന്ത് ശർമയെ (0) അജാസ് എൽബിയിലൂടെയും പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. ഉമേഷ് യാദവ് (10*) പുറത്താകാതെ നിന്നു. ആദ്യദിനം മൂന്നു വിക്കറ്റെടുത്ത കൈൽ ജാമിസണ് വെള്ളിയാഴ്ച കാര്യമായി ഒന്നും ഓർക്കാനില്ല.