കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ എസ്.ബി.ഐ.യുടെ ജിജോ ജോസഫ് നയിക്കും. ബിനോ ജോർജ് പരിശീലിപ്പിക്കുന്ന ടീമിലെ 22 പേരിൽ 13 പേർ പുതുമുഖങ്ങളാണ്. അഞ്ചു അണ്ടർ -21 താരങ്ങളും ടീമിലുണ്ട്. വി. മിഥുൻ, എസ്. ഹജ്മൽ (ഗോൾകീപ്പർമാർ) ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് സഹീഫ്, മുഹമ്മദ് ബാസിത് (പ്രതിരോധ നിര) മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, അർജുൻ ജയരാജ്, പി. അഖിൽ, കെ. സൽമാൻ, എം. ആദർശ്, വി. ബുജൈർ, പി.എൻ. നൗഫൽ, നിജോ ഗിൽബർട്ട്, എൻ. ഷിഖിൽ (മധ്യനിര) ടി.കെ. ജെസിൻ, എസ്. രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സൽ (മുന്നേറ്റം) എന്നിവരടങ്ങുന്നതാണ് ടീം.

ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ്. രാജേഷ് മുന്നേറ്റനിരയിലെത്തിയപ്പോൾ ഗോകുലം എഫ്.സി. മുൻ താരവും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് താരവുമായിരുന്ന അർജുൻ ജയരാജ് മധ്യനിരയിൽ കേരളത്തിന്റെ കരുത്താകും. കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ നിലനിർത്തിയ കേരളം ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി, മാനേജരായി മുഹമ്മദ് സലിം, ഫിസിയോയായി മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു.

സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയിൽ ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാൻ നിക്കോബാർ എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഡിസംബർ ഒന്നിനു രാവിലെ 9.30-ന് കേരളം ലക്ഷദ്വീപിനെ നേരിടും. ഡിസംബർ 3-നു രാവിലെ 9.30-ന് അന്തമാനിനെ നേരിടുന്ന കേരളത്തിനു ഡിസംബർ 5-നു ഉച്ചയ്ക്ക് മൂന്നിന് പോണ്ടിച്ചേരിയുമായാണ് അവസാന മത്സരം. ബെംഗളൂരുവിൽ നടക്കുന്ന എ ഗ്രൂപ്പ് മത്സരങ്ങളിൽ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന ടീമുകളാണ് പങ്കെടുക്കുന്നത്. മലപ്പുറത്താണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.