സിഡ്‌നി: എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം കാണികളെ അനുവദിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഏറ്റുമുട്ടുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാകുമ്പോൾ കാണികൾക്കും മടിയുണ്ടാകാനിടയില്ല.
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ. കൊറോണ വൈറസ് ലോകത്തെ പിടിച്ചുലയ്ക്കാൻ തുടങ്ങിയശേഷം ലോകത്ത് കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. 48,000 പേർക്ക് ഇരിക്കാവുന്ന ഗ്രൗണ്ടിൽ 50 ശതമാനം കാണികളെ അനുവദിക്കും.
ഒമ്പതു മാസത്തിനുശേഷമാണ് ഇന്ത്യ ഏകദിന മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയ്ക്കെതിരേ അവസാനം കളിച്ച 12 ഏകദിനങ്ങളിൽ ഏഴിലും വിജയം ഓസ്‌ട്രേലിയയ്ക്കായിരുന്നു. എന്നാൽ, 2018-19ൽ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ 2-1ന് പരമ്പര നേടിയിരുന്നു.
ടീം പൂർണ സജ്ജമാണെന്നതും കളി സ്വന്തം നാട്ടിലാണെന്നതും ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാണ്. പരിക്കിലുള്ള രോഹിത് ശർമ കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശിഖർ ധവാനൊപ്പം ഓപ്പണറായി മായങ്ക് അഗർവാൾ എത്താനാണ് സാധ്യത. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.