തേഞ്ഞിപ്പലം: ദേശീയറെക്കോഡിനെ വെല്ലുന്ന പ്രകടനവുമായി തമിഴ്നാട്ടുകാരി പവിത്ര വെങ്കിടേഷ്. അണ്ടർ 20 വനിതകളുടെ പോൾവോൾട്ടിലാണ് കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടം പവിത്ര നടത്തിയത്. 3.80 മീറ്റർ ചാടി മീറ്റ് റെക്കോഡ് സ്ഥാപിച്ച പവിത്ര, കേരളത്തിന്റെ ദിവ്യമോഹൻ 2018-ൽ കുറിച്ച 3.40 മീറ്റർ മറികടന്നു. 2019-ൽ കേരളത്തിന്റെ തന്നെ നിവ്യ ആൻറണി ചാടിയ 3.75 മീറ്ററാണ് അണ്ടർ 20 വനിതാ പോൾവോൾട്ടിലെ ദേശീയ ജൂനിയർ മീറ്റ് റെക്കോഡ്. സേലം എ.വി.എസ്. ആർട്സ് ആൻഡ് സയൻസ് കോേളജിലെ ബി.എ. ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിനിയാണ് പവിത്ര. അളകാപുരം സ്വദേശികളായ വെങ്കിടേഷും വളർമതിയുമാണ് മാതാപിതാക്കൾ. ഇവിടത്തെ ഡു ഓർ ഡൈ അക്കാദമിയിൽ ഇളംപരതിക്ക് കീഴിലാണ് പരിശീലനം. ഇക്കഴിഞ്ഞ ദേശീയ ജൂനിയർ മീറ്റിൽ 3.30 മീറ്റർ ചാടിയാണ് സ്വർണംനേടിയത്.