ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവിയോടെ മടക്കം. അവസാനമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-0ത്തിന് തോൽപ്പിച്ചു. ജയത്തോടെ നോർത്ത് ഈസ്റ്റ് പ്ലേ ഓഫിൽ കടന്നു.

മലയാളി താരം വി.പി. സുഹൈർ (34), ലാൽലെൻമാവിയ (45+1) എന്നിവർ നോർത്ത് ഈസ്റ്റിനായി സ്‌കോർ ചെയ്തു. 20 കളിയിൽനിന്ന് 33 പോയന്റുമായാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫിൽ കടന്നത്. ടീം പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 17 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. ലീഗ് ചരിത്രത്തിൽ ടീമിന്റെ മോശം പ്രകടനമാണിത്. സീസണിൽ മൂന്ന് ജയവും എട്ട് സമനിലയും ഒമ്പത് തോൽവിയുമാണ് ടീമിന്റെ അക്കൗണ്ടിലുള്ളത്.

ജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് താത്‌കാലിക പരിശീലകൻ ഇഷ്ഫഖ് അഹമ്മദ് പ്രഖ്യാപിച്ചിരുന്നെങ്കിലും കളിക്കളത്തിൽ അതൊന്നും ബ്ലാസ്റ്റേഴ്‌സിൽനിന്നുണ്ടായില്ല. ഒറ്റഷോട്ടുപോലും ലക്ഷ്യത്തിലേക്കില്ലാതെയാണ് കേരള ടീം കളംവിട്ടത്. അതേസമയം സമനിലകൊണ്ടുപോലും പ്ലേ ഓഫ് ബർത്ത് ലഭിക്കുമായിരുന്ന നോർത്ത് ഈസ്റ്റ് കിട്ടിയ അവസരങ്ങൾ മുതലാക്കി വിജയത്തോടെ മുന്നേറി. എഫ്.സി. ഗോവ-ഹൈദരാബാദ് മത്സരം നാലാമത്തെ പ്ലേ ഓഫ് ടീമിനെ നിശ്ചയിക്കും.