തേഞ്ഞിപ്പലം: കടലിൽ അദ്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്ന ലക്ഷദ്വീപിന് അത്‌ലറ്റിക്സിലും മണിമുത്തുകൾ ഉണ്ടെന്ന് കാണിച്ചുതരികയാണ് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ്. ഇതുവരെ ഒരുമീറ്റിലും കാര്യമായി നേട്ടംകൊയ്യാത്ത ലക്ഷദ്വീപ് തേഞ്ഞിപ്പലത്ത് ആദ്യദിനം ഒരു വെങ്കലം സ്വന്തമാക്കി. അണ്ടർ 16 ലോങ് ജമ്പിൽ മുബസ്സിന മുഹമ്മദാണ് ദ്വീപിലേക്ക് വെങ്കലം എത്തിച്ചത്.

നടാടെയുള്ള മെഡലിനുപിന്നിലെ രഹസ്യം തേടിയപ്പോഴാണ് പരിശീലകൻ അഹമ്മദ് ജവാദ് ഹസൻ ആ സത്യം തുറന്നുപറഞ്ഞത്: ’കോവിഡാണ് ഞങ്ങളുടെ മെഡലിനു കാരണം’.

കോവിഡിനെ മുതലാക്കി

കോവിഡ് പരിശീലനത്തെ തളർത്തിയെന്ന് മറ്റു സംസ്ഥാനങ്ങളിലെ കോച്ചുമാരും താരങ്ങളും പറയുമ്പോൾ ദ്വീപിൽ കാര്യങ്ങൾ തിരിച്ചാണ്. കുട്ടികളെ പരിശീലനത്തിനു വിടാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും മടിയാണ്. പഠനത്തെ ബാധിക്കുമെന്നാണ് അവരുടെ പേടി.

അതിനാൽ പരിശീലനത്തിന് കുട്ടികൾ വരില്ല. കോവിഡ് മൂലം സ്കൂളുകൾ അടച്ചപ്പോൾ അവരെ സംഘടിപ്പിക്കാൻ ജവാദിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. എട്ടുവർഷമായി ജവാദ് പരിശീലിപ്പിക്കുന്നു. ആദ്യമായാണ് ആറുമാസം തുടർച്ചയായി കുട്ടികളെ പരിശീലനത്തിനു കിട്ടിയത്. കോവിഡാണ് ഇതിനെല്ലാം കാരണം.

ദ്വീപിലെ പരിശീലനം

ആന്ത്രോത്ത് ദ്വീപിൽമാത്രമാണ് പരിശീലനം. മറ്റുദ്വീപിലെ കുട്ടികൾ വളരെ ബുദ്ധിമുട്ടി ആന്ത്രോത്തിലെത്തും. അമിനി, കൽപ്പിനി, മിനിക്കോയ്, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽനിന്നുള്ള 20 കുട്ടികൾ ഇവിടെ പരിശീലിക്കുന്നു. 400 മീറ്റർ ട്രാക്ക് ഇല്ലാത്തതുകൊണ്ട് 200 മീറ്റർ ഫുട്ബോൾ ഗ്രൗണ്ടിലാണ് പരിശീലനം. 11 പേരടങ്ങിയ സംഘമാണ് മീറ്റിൽ വന്നിരിക്കുന്നത്.

പണം പ്രശ്നമാണ്

അടുത്തദിവസങ്ങളിൽ അരങ്ങേറുന്ന ഇനങ്ങളിലും ദ്വീപിന് പ്രതീക്ഷയുണ്ട്. തേഞ്ഞിപ്പലം മീറ്റ് പുതിയ വിപ്ലവം ലക്ഷദ്വീപിൽ നടത്തുമെന്നാണ് കോച്ചും കുട്ടികളും സ്വപ്നം കാണുന്നത്. ഈ പ്രതീക്ഷകൾക്കിടയിലും ദ്വീപുകാർക്ക് പറയാൻ സങ്കടങ്ങളുണ്ട്. ലക്ഷദ്വീപ് സ്പോർട്സ് കൗൺസിലാണ് പരിശീലനത്തിനു സഹായം നൽകുന്നത്. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നത് പരിശീലനത്തെ സാരമായി ബാധിക്കുന്നു. കൂടാതെ ടീമുകളുടെ യാത്രാചെലവും വലിയ പ്രശ്നമാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞതവണ ലക്ഷദ്വീപ് ദേശീയമീറ്റിൽ എത്തിയിരുന്നില്ല.

അഭിമാനം മുബസ്സിന

ദ്വീപിലെത്തിയാൽ മുബസ്സിന മുഹമ്മദ് സ്റ്റാറാകും. കേരളത്തിലേക്ക് കപ്പൽ കയറുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ദ്വീപിന് ആദ്യമായി മെഡൽ എത്തിച്ചവളാണ് മുബസ്സിന.

മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസുകാരിയാണ് ഈ മിടുക്കി. കോവിഡ് ഭീഷണിയിൽ ആന്ത്രോത്തിലെ ഒരു വീട്ടിൽ താമസിപ്പിച്ചാണ് ജവാദ് മുബസ്സിനയെ പരിശീലിപ്പിച്ചത്. പിതാവ്: മുഹമ്മദ്. മാതാവ്: ദുബീന ബാനു.