തേഞ്ഞിപ്പലം: കോവിഡ് പ്രതിസന്ധികളിലും കാലിടറാതെ കായികതാരങ്ങൾ. ദക്ഷിണേന്ത്യാ ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരമില്ലാത്തപ്പോൾ മാസ്‌ക് ധരിച്ചും അകലം പാലിച്ചും താരങ്ങളും കൂട്ടം കൂടൽ ഒഴിവാക്കാൻ നിർദേശങ്ങളുമായി സംഘാടകരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നായി എണ്ണൂറോളംപേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

മൂന്നുദിവസത്തെ മേള പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജോ. സെക്രട്ടറി പി.ഐ. ബാബു പതാക ഉയർത്തി. സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ദ്രോണാചാര്യ കെ.പി. തോമസ്, പി.ടി. ഉഷ, ഡോ. വി.പി. സക്കീർഹുസൈൻ, സിൻഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, മജീദ് ഐഡിയൽ, ജിൻസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 28-നാണ് സമാപനം.