തിരുവനന്തപുരം: കേരള ഫുട്‌ബോളിൽ മിഡ്ഫീൽഡിലെ ജന്റിൽമാൻ എന്നറിയപ്പെട്ടിരുന്ന തോബിയാസ് സർവീസിൽനിന്ന് വിരമിക്കുന്നു. 19-ാം വയസ്സിൽ കേരള പോലീസ് ടീമിലെത്തിയ തോബിയാസ് കമാൻഡന്റായാണ് 36 വർഷത്തെ സേവനത്തിനുശേഷം 28-ന് വിരമിക്കുന്നത്. നിലവിൽ കേരള നിയമസഭയിൽ ചീഫ് മാർഷലാണ്. വിജയനും പാപ്പച്ചനും സത്യനും ഷറഫലിയും കുരികേശ് മാത്യുവുമൊക്കെയടങ്ങിയ കേരള പോലീസ് ഡ്രീം ടീമിലെ ‘മിഡ് ഫീൽഡ് ജനറലാ’യിരുന്നു തോബിയാസ്.

ജൂനിയർ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന തോബിയാസ് കേരളത്തിനൊപ്പം രണ്ട് സന്തോഷ് ട്രോഫി കിരീടങ്ങൾ നേടി. കേരള പോലീസിനൊപ്പം രണ്ടു ഫെഡറേഷൻ കപ്പ് കിരീടങ്ങളും മറ്റനവധി കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എട്ടുതവണ സന്തോഷ് ട്രോഫിയിൽ കളിച്ച താരം രാജ്യത്തിനായും ബൂട്ടുകെട്ടി. കൊച്ചി ബോൾഗാട്ടി സ്വദേശിയാണ്. 1994-ലാണ് കളിയിൽനിന്ന് വിരമിച്ചത്. തിരുവനന്തപുരം മുട്ടടയ്ക്കടുത്ത് വയലിക്കടയിലാണ് തോബിയാസിന്റെ താമസം. ഭാര്യ സുനിത അധ്യാപികയാണ്. സാനു പീറ്റർ തോബിയാസ്, സാം എഡ്‌വേഡ് തോബിയാസ് എന്നിവരാണ് മക്കൾ.