ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്റെ വിജയയാത്രയ്ക്ക് കർണാടകം തടയിട്ടു. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച കേരളം വെള്ളിയാഴ്ച കർണാടകയോട് ഒമ്പതു വിക്കറ്റിന് തോറ്റു. സ്‌കോർ: കേരളം 50 ഓവറിൽ എട്ടിന് 277, കർണാടകം 45.3 ഓവറിൽ ഒരു വിക്കറ്റിന് 279.

മലയാളിയായ കർണാടക ഓപ്പണർ ദേവദത്ത് പടിക്കൽ 138 പന്തിൽ 126 റൺസുമായും കെ.വി. സിദ്ധാർഥ് 86 റൺസുമായും പുറത്താകാതെനിന്നതോടെ അവരുടെ വിജയം അനായാസമായി. കേരളത്തിനുവേണ്ടി വത്സൽ ഗോവിന്ദ് (124 പന്തിൽ 95), സച്ചിൻ ബേബി (63 പന്തിൽ 54), മുഹമ്മദ് അസ്ഹറുദ്ദീൻ (38 പന്തിൽ 59) എന്നിവർ തിളങ്ങി. വിഷ്ണു വിനോദും (29) ചെറുത്തുനിന്നു.

ടോസ് നേടിയ കർണാടകം ഫീൽഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടു സെഞ്ചുറിനേടിയ കേരള ഓപ്പണർ റോബിൻ ഉത്തപ്പ (0), സഞ്ജു സാംസൺ (3) എന്നിവരെ തുടക്കത്തിലേ നഷ്ടപ്പെട്ടതോടെ കേരളം നാലുറൺസിന് രണ്ടുവിക്കറ്റ് എന്നനിലയിലായി. ഇവിടെനിന്നാണ് വത്സൽ രക്ഷാപ്രവർത്തനം തുടങ്ങിയത്.