ന്യൂഡൽഹി: ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിയ രണ്ടുപേർ വെള്ളിയാഴ്ച കളിയിൽനിന്ന് വിരമിച്ചു.

രണ്ട് ലോകകപ്പുകൾ ജയിച്ച ഇന്ത്യൻ ടീം അംഗമായിരുന്ന ഓൾറൗണ്ടർ യൂസഫ് പഠാനും പേസ് ബൗളർ വിനയ് കുമാറും.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി 38-കാരനായ യൂസഫ് പഠാൻ അറിയിച്ചു. വെടിക്കെട്ട് ബാറ്റിങ്ങിന്റെപേരിൽ പ്രശസ്തനായ ഗുജറാത്തുകാരൻ 2007-ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011 ഏകദിന ലോകകപ്പ് വിജയിച്ച ടീമിലും അംഗമായിരുന്നു. പേസ് ബൗളർ ഇർഫാൻ പഠാന്റെ സഹോദരനാണ്.

വലംകൈ ബാറ്റ്‌സ്‌മാനും ഓഫ് സ്പിന്നറുമായിരുന്നു. 57 ഏകദിനങ്ങളും 22 ട്വന്റി 20-യും കളിച്ചു. ആകെ 1046 റൺസും 46 വിക്കറ്റും നേടി.

അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ്‌ മത്സരങ്ങളിൽനിന്ന് വിരമിക്കുന്നതായി 37-കാരനായ വിനയ് കുമാർ അറിയിച്ചു. കർണാടകക്കാരനായ പേസ് ബൗളർ ഇന്ത്യയ്ക്കുവേണ്ടി 31 ഏകദിനവും ഒമ്പത് ട്വന്റി 20-യും ഒരു ടെസ്റ്റും കളിച്ചു. ആകെ 49 വിക്കറ്റ് നേടി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 504 വിക്കറ്റുണ്ട്. കർണാടകയുടെ രണ്ട് രഞ്ജി കിരീടങ്ങളിൽ നായകനായിരുന്നു.