ലണ്ടൻ: ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ഈയിടെ യു.എസ്. ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് താരം എമ്മ റഡുകാനു തന്റെ കോച്ചിനെ മാറ്റി. നാട്ടുകാരനും ചെറുപ്പകാലംതൊട്ട് എമ്മയുടെ പരിശീലകനുമായ ആൻഡ്രൂ റിച്ചാർഡ്സണെ മാറ്റി പകരം നൈജൽ സിയേഴ്‌സിനെ പരിശീലകനാക്കി. ബ്രിട്ടീഷ് താരം ആൻഡി മറെയുടെ ഭാര്യയുടെ അച്ഛനായ നൈജൽ മുമ്പ് എമ്മയെ പരിശീലിപ്പിച്ചിട്ടുണ്ട്.

ആൻഡ്രൂവുമായുള്ള വേർപിരിയൽ വേദനാജനകമാണെന്നും അന്താരാഷ്ട്ര ടെന്നീസിൽ കൂടുതൽ പരിചയസമ്പത്തുള്ളയാൾ വേണം എന്നതുകൊണ്ടാണ് നൈജലിനെ മുഖ്യ കോച്ച് ആക്കിയതെന്നും എമ്മ പറഞ്ഞു.

യോഗ്യതാ മത്സരം കളിച്ചെത്തിയാണ് 18-കാരിയായ എമ്മ രണ്ടാഴ്ച മുമ്പ് യു.എസ്. ഓപ്പൺ കിരീടം നേടിയത്. ആധുനിക ടെന്നീസിൽ ഈ നേട്ടം കുറിക്കുന്ന ആദ്യ താരമാണ് എമ്മ.