റിയോ ഡി ജനെയ്‌റോ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന എട്ട് താരങ്ങളെ ഉൾപ്പെടുത്തി ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ താരങ്ങളെ ക്ലബ്ബുകൾ വിട്ടുകൊടുത്തിരുന്നില്ല. അടുത്തമാസമാണ് മത്സരങ്ങൾ.

ബ്രസീൽ അടക്കമുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങൾ കോവിഡ് വ്യാപനം കാരണം ബ്രിട്ടന്റെ ചുവപ്പുപട്ടികയിലുള്ളവയാണ്. ഇവിടെനിന്ന് വരുന്നവർ പത്തുദിവസം നിരീക്ഷണത്തിൽ കഴിയണം. ബ്രസീലിലെ കോവിഡ് ചട്ടപ്രകാരം ബ്രിട്ടനിൽനിന്ന് വരുന്നവർ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയണം. അതിനാലാണ് ക്ലബ്ബുകൾ കഴിഞ്ഞ രണ്ട് റൗണ്ട് മത്സരങ്ങളിൽ കളിക്കാരെ വിട്ടുകൊടുക്കാതിരുന്നത്. ഇതിനെ ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ വിമർശിച്ചിരുന്നു. ബ്രസീലിലെ ചട്ടങ്ങളിൽ കളിക്കാർക്ക് ഇളവ് ലഭ്യമാക്കാൻ ഫുട്‌ബോൾ അസോസിയേഷൻ ആരോഗ്യവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളിൽ ഫിഫയുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നു. നാല് അർജന്റീന കളിക്കാർ കോവിഡ് ചട്ടം ലംഘിച്ചതിനെത്തുടർന്ന് ബ്രസീൽ-അർജന്റീന മത്സരം ബ്രസീൽ ആരോഗ്യവിഭാഗം തടഞ്ഞിരുന്നു.

അലിസൺ, എഡേഴ്‌സൻ, ഫാബീന്യോ, ഗബ്രിയേൽ ജെസ്യൂസ്, തിയാഗോ സിൽവ, ഫ്രെഡ്, റാഫീന്യോ, എമേഴ്‌സൻ എന്നീ പ്രീമിയർ ലീഗ് താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.