ടോക്യോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യക്ക് വമ്പൻ തോൽവി. കരുത്തരായ ഓസ്‌ട്രേലിയ ഇന്ത്യയെ ഗോളിൽ മുക്കി (7-1). പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചെത്തിയ ഇന്ത്യക്ക്‌ ഓസ്ട്രേലിയക്കെതിരേ പിഴച്ചു.

ഓസീസിനായി ബ്ലെയ്ക് ഗവേഴ്‌സ് ഇരട്ടഗോൾ നേടി. ജോഷ്വാ ബെൽറ്റ്‌സ്, ആൻഡ്രു ഫ്‌ളിൻ ഒഗിൽവി, ജെയിംസ് ഡാനിയൽ ബെയ്ൽ, ടിം ബ്രാന്റ്, തോമസ് ജെറമി ഹയ്വാർഡ് എന്നിവരും ഗോൾ നേടി. ഇന്ത്യയുടെ ഗോൾ ദിൽപ്രീത് സിങ്ങിന്റെ വകയായിരുന്നു.

ആദ്യ ക്വാർട്ടറിൽ ഒരുഗോൾ മാത്രം വഴങ്ങിയ ഇന്ത്യ രണ്ടാം ക്വാർട്ടറിൽ മൂന്നു ഗോളുകൾ വഴങ്ങി. മൂന്നാം ക്വാർട്ടറിൽ ഓസ്‌ട്രേലിയ രണ്ട് ഗോൾകൂടി നേടിയപ്പോൾ ഇന്ത്യ ഒന്നു തിരിച്ചടിച്ചു. നാലാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി നേടി ഓസീസ് പട്ടിക പൂർത്തിയാക്കി. അടുത്ത മത്സരത്തിൽ ഇന്ത്യയുടെ എതിരാളി സ്പെയിൻ ആണ്.