ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് നടപടി. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുൻ പരിശീലകൻ തോമസ് ടുച്ചലാകും പിൻഗാമി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ടീം. അവസാന അഞ്ച് കളിയിൽ ഒന്നിൽ മാത്രമാണ് ജയിക്കാൻ ടീമിനായത്. 2018 ജൂലായിലാണ് മൗറീസിയോ സാറിയെ പുറത്താക്കി ക്ലബ്ബിന്റെ ഇതിഹാസതാരം കൂടിയായ ലാംപാർഡിനെ ചുമതലയേൽപ്പിച്ചത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ടീമിനെ നാലാം സ്ഥാനത്തെത്തിച്ച ലാംപാർഡ് എഫ്.എ. കപ്പിൽ ഫൈനലിലേക്കും നയിച്ചു.
ഈ സീസണിൽ 2000 കോടിയോളം രൂപ കളിക്കാരെ കൊണ്ടുവരാൻ ചെൽസി ചെലവിട്ടിരുന്നു. എന്നാൽ ഇതിനനുസരിച്ചുള്ള ഫലമില്ലാതായതാണ് ലാംപാർഡിന്റെ കസേരയിളക്കിയത്.
റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ച് 2003-ൽ ചെൽസിയെ ഏറ്റെടുത്ത ശേഷം പുറത്താക്കപ്പെടുന്ന പത്താമത്തെ മുഴുവൻസമയ പരിശീലകനാണ് ലാംപാർഡ്. 1098 കോടിയോളം രൂപയാണ് പുറത്താക്കപ്പെട്ട പരിശീലകർക്ക് ക്ലബ്ബ് ഇതുവരെ നഷ്ടപരിഹാരമായി നൽകിയത്.
84 കളികളിൽ ചെൽസിയെ പരിശീലിപ്പിച്ച ലാംപാർഡ് 44 വിജയവും 17 സമനിലയും നേടി. 23 കളികളിലാണ് തോറ്റത്.