ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്‌ബോളിൽ തകർപ്പൻ ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി. കൗമാരതാരം ഫിൽ ഫോഡന്റെ ഇരട്ടഗോളുടെ പിൻബലത്തിൽ (28, 31) ബ്രൈട്ടനെ തോൽപ്പിച്ചു (4-1). ഇൽകോ ഗുണ്ടോഗൻ (13), റിയാദ് മഹ്‌റെസ് (90+5) എന്നിവരും സിറ്റിക്കായി ഗോൾ നേടി. മാക് അലിസ്റ്റർ (പെനാൽറ്റി-81) ബ്രൈട്ടനായി സ്കോർ ചെയ്തു.

ഇരട്ടഗോളിനൊപ്പം അസിസ്റ്റുമായും ഫിൽ ഫോഡൻ കളംനിറഞ്ഞു. ജയത്തോടെ ഒമ്പത് കളിയിൽനിന്ന് സിറ്റിക്ക് 20 പോയന്റായി. മറ്റൊരു കളിയിൽ ജോഷ്വോ കിങ്ങിന്റെ ഹാട്രിക്കിന്റെ ബലത്തിൽ വാറ്റ്ഫഡ് എവർട്ടണിനെ അട്ടിമറിച്ചു (5-2). 13, 80, 86 മിനിറ്റുകളിലാണ് കിങ് ഗോൾ നേടിയത്. ജുറാജ് കുങ്ക (78), ഇമ്മാനുവൽ ബൊനാവെഞ്ചുറ (90) എന്നിവരും വാറ്റ് ഫെഡിനായി ഗോൾ നേടി. ടോം ഡേവിസ് (3), റിച്ചാലിസൻ (63) എന്നിവർ എവർട്ടണിനായി ഗോൾ നേടി. പുതിയ പരിശീലകൻ ക്ലോഡിയോ റാനിയേരിക്ക് കീഴിൽ വാറ്റ്ഫഡിന്റെ ആദ്യജയം കൂടിയാണ്.