വാസ്‌കോ: മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്.സിക്ക് ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ഗംഭീരതുടക്കം. കരുത്തരായ ജംഷേദ്പുർ എഫ്.സിയെ 2-1 ന് തോൽപ്പിച്ചു. അനിരുദ്ധ് ഥാപ്പ (1), ഇസ്മായിൽ ഗോൺസാൽവസ് (26) എന്നിവർ വിജയികൾക്കായി സ്കോർ ചെയ്തു. ജംഷേദ്പുരിനുവേണ്ടി നെരിയൂസ് വാൽസ്കിസ് (37) ലക്ഷ്യം കണ്ടു.
കളി തുടങ്ങി 56 സെക്കൻഡിനകം ചെന്നൈയിനെ മുന്നിലെത്തിച്ച ഥാപ്പ ഈ സീസണിലെ വേഗമേറിയ ഗോൾ കണ്ടെത്തി. ഇന്ത്യൻ താരത്തിന്റെ ആദ്യഗോളുമാണിത്. പന്ത് കൈവശം വെക്കുന്നതിൽ ജംഷേദ്പുർ മുന്നിലായിരുന്നെങ്കിലും ആക്രമണ ഫുട്‌ബോൾ കളിച്ചത് ‘മറീന മച്ചാൻസ്’ എന്ന് വിളിപ്പേരുള്ള ചെന്നൈയിൻ ആയിരുന്നു. വിങ്ങർ ഇസ്മായിൽ, നായകൻ റാഫേൽ ക്രിവെല്ലറോ, ഥാപ്പ എന്നിവരുടെ തകർപ്പൻ പ്രകടനം ചെന്നൈയിൻ ജയത്തിൽ നിർണായകമായി. ഇസ്മായിൽ ഒരു അസിസ്റ്റും നൽകി. ഇരുടീമുകളും 4-2-3-1 ശൈലിയിൽ ടീമിനെ ഇറക്കി. കഴിഞ്ഞ വർഷത്തെ ടോപ് സ്കോറർ നെരിയൂസ് വാൽസ്‌കിസിനെ മുന്നേറ്റനിരയിലിറക്കിയാണ് ജംഷേദ്പുർ കളി തുടങ്ങിയത്. ചെന്നെയിൻ ജാക്കുബ് സിൽവസ്റ്റർ ഏക സ്‌ട്രൈക്കറായി. നായകൻ റാഫേൽ ക്രിവെല്ലറോ -ഇസ്മയിൽ- ലാലിയൻ സുല ചാങ്‌തെ ത്രയം അറ്റാക്കിങ് മിഡ്ഫീൽഡിൽ കളിച്ചു.
വലതുവിങ്ങിൽനിന്ന് ബോക്സിലേക്ക് ഇസ്മയിൽ നൽകിയ പാസിൽ, ഓടിക്കയിയ അനിരുദ്ധ് ഥാപ്പയുടെ ബുള്ളറ്റ് ഷോട്ട് ജംഷേദ്പുർ ഗോൾകീപ്പർ ടി.പി. രഹ്‌നേഷിനെ മറികടന്ന് വലയിലെത്തി.
ചെന്നൈയിന്റെ രണ്ടാം ഗോൾ പെനാൽട്ടിയിൽ നിന്നായിരുന്നു. ചാങ്‌തെയെ ഐസക് വാൻമാൽസ്വാമ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി കിക്ക് ഇസ്മയിൽ ഗോളാക്കി. 37-ാം മിനിറ്റിൽ ജാക്കിചന്ദ് സിങ് നൽകിയ ക്രോസിൽ തകർപ്പൻ ഹെഡറിലൂടെ വാൽസ്‌കിസ് സ്കോർ ചെയ്തതോടെ ജംഷേദ്പുർ ഒരുഗോൾ മടക്കി.