സിഡ്‌നി: മുൻനിര ബാറ്റ്‌സ്മാൻ രോഹിത് ശർമ, പേസ് ബൗളർ ഇഷാന്ത് ശർമ എന്നിവർക്ക് ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ടു ക്രിക്കറ്റ് ടെസ്റ്റുകളിൽ കളിക്കാനാകില്ല.
പരിക്കിലുള്ള ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻ.സി.എ.) ചികിത്സയിലാണിപ്പോൾ. ഇഷാന്ത് സുഖംപ്രാപിച്ചെങ്കിലും ടെസ്റ്റിൽ തുടർച്ചയായി ബൗൾ ചെയ്യാനുള്ള അവസ്ഥയിലെത്തിയിട്ടില്ല. ഉടൻ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചാലും രണ്ടാഴ്ചത്തെ ക്വാറന്റീനും അതുകഴിഞ്ഞ് ഒരു മാസം പരിശീലനവും വേണ്ടിവരും. മൂന്നാം ടെസ്റ്റിലേ ഇഷാന്തിന് ഇറങ്ങാനാകൂ. ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബർ 17-ന് തുടങ്ങും. ഡിസംബർ 26, ജനുവരി 7, ജനുവരി 15 തീയതികളിലാണ് അടുത്ത ടെസ്റ്റുകൾ.
ഐ.പി.എലിനിടെ പരിക്കേറ്റ രോഹിത് പൂർണമായി സുഖംപ്രാപിച്ചിട്ടില്ല. ഡിസംബർ രണ്ടാം വാരത്തിലേ അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കാനാകൂ. തുടർന്ന് ക്വാറന്റീനും പിന്നീട് പരിശീലനവും വേണ്ടിവരും.
ടെസ്റ്റ് ടീമിൽ പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് എന്നിവരുണ്ട്. ഏകദിന-ട്വന്റി 20 ടീമുകളിലായി ദീപക് ചഹാർ, ശാർദൂൽ ഠാക്കൂർ, ടി. നടരാജൻ എന്നിവരുമുള്ളതിനാൽ ഇഷാന്തിന്റെ അഭാവം വലിയ പ്രതിസന്ധിയുണ്ടാക്കില്ല.
എന്നാൽ രോഹിത് ഇല്ലാത്തത് ബാറ്റിങ്ങിൽ തിരിച്ചടിയാകും. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങും. പരിചയസമ്പന്നനായ രോഹിത് എത്തിയാൽ കോലിയുടെ വിടവ് നികത്താം എന്നായിരുന്നു ടീമിന്റെ കണക്കുകൂട്ടൽ. രോഹിത് എത്താൻ വൈകും എന്നറിഞ്ഞതോടെ, ഏകദിന ടീമിനൊപ്പമുള്ള ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്.