റോം : കളിക്കാരനെ തെറ്റായി ടീമിലുൾപ്പെടുത്തിയതോടെ എ.എസ്. റോമയുടെ ഗോൾരഹിത സമനില തോൽവിയായിമാറി. ഇറ്റാലിയൻ സീരി എ ഫുട്‌ബോളിൽ ഹെല്ലസ് വെറോണയ്ക്കെതിരായ മത്സരമാണ് കളിക്കുശേഷം 3-0ത്തിന് ടീം തോറ്റതായി പ്രഖ്യാപിച്ചത്.

ഗിനി മധ്യനിരതാരം അമാദൗ ദിയാവാരയെ അണ്ടർ-22 വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് റോമ കളിച്ചത്. 25 അംഗ കളിക്കാരുടെ പട്ടികയിലാണ് ഈ രീതിയിൽ താരത്തെ ഉൾപ്പെടുത്തിയത്. എന്നാൽ, ദിയാവാരയ്ക്ക് 23 വയസ്സ് പൂർത്തിയായിരുന്നു. ഇതോടെയാണ് വെറോണ ജയിച്ചതായി പ്രഖ്യാപിച്ചത്. മത്സരത്തിൽ താരം ആദ്യഇലവനിൽ കളിക്കാനുണ്ടായിരുന്നു. നടപടിക്കെതിരേ ക്ലബ്ബ് അപ്പീൽ നൽകിയെങ്കിലും ഇറ്റാലിയൻ ഫുട്‌ബോൾ അസോസിയേഷൻ തള്ളി.